ജമ്മു കാശ്മീരിലെ കത്തുവയിലെ ബി.ജെ.പി എം.എല്‍.എ രാജീവ് ജസ്രോട്ടിയ കാബിനറ്റ് പദവിയോടെ മന്ത്രിസഭയിലേക്ക്. എട്ടുവയസുകാരിയെ അമ്പലത്തിനുള്ളില്‍ ദിവസങ്ങളോളം പൂട്ടിയിട്ട് പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം നടന്ന നിയോജക മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എം.എല്‍.എയാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് മന്ത്രിപദവിലെത്തിയരിക്കുന്നത്.
എന്നാല്‍ കത്തുവ പീഡനക്കേസുമായി മന്ത്രിസഭ പുനഃസംഘടനയ്ക്കു യാതൊരു ബന്ധവുമില്ലെന്നാണ് ബി.ജെ.പി പറയുന്നത്. സര്‍ക്കാര്‍ മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കാനുള്ള തീരുമാനത്തിന്റെ ഭാഗമായാണു പുതിയ മന്ത്രിമാരെന്നും ബിജെപി ജനറല്‍ സെക്രട്ടറി റാം വ്യക്തമാക്കി.
മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപി-ബിജെപി സഖ്യ മന്ത്രിസഭയില്‍ വന്‍മാറ്റങ്ങളാണ് ഇത്തവണ കൊണ്ടു വന്നിരിക്കുന്നത്. രാജീവ് ഉള്‍പ്പെടെ എട്ടു പേര്‍ പുതുതായി മന്ത്രിസഭയിലേക്കു സത്യപ്രതിജ്ഞ ചെയ്തു. ബിജെപി സംസ്ഥാന ഘടകം തലവനും എംഎല്‍എയുമായ സാത് ശര്‍മ, സാംബ എംഎല്‍എ ദേവിന്ദര്‍ കുമാര്‍ എന്നിവരും മന്ത്രിസഭയിലെത്തി. ദോഡ ശക്തി രാജിലെ ബിജെപി എംഎല്‍എ ശക്തി പരിഹാര്‍ സഹമന്ത്രിയായി ചുമതലയേറ്റു.
