Skip to main content

Rahul Gandhi

വയനാട് പാർലമെൻറ് മണ്ഡലത്തിൽ മത്സരിക്കാനുള്ള കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം മഹാ വിഡ്ഢിത്തമായി ചരിത്രത്തിൽ കുറിക്കപ്പെടും. പ്രതിരോധങ്ങൾ എപ്പോഴും ഉണ്ടാവുക ന്യായീകരണത്തിന് വേണ്ടിയാണ്. ന്യായീകരണം ആവശ്യമായി വരുന്നത് വസ്തുതകൾ പ്രകടമായി ബോധ്യം ആവുന്നില്ല എന്നു വരുമ്പോൾ . അമേത്തിയിൽ രാഹുൽഗാന്ധി തോൽവി മുൻകൂട്ടി കാണുന്നു എന്നുള്ളത് വസ്തുതയാണ് .അത് പക്ഷേ സമ്മതിക്കാൻ രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതൃത്വത്തിനും കഴിയുന്നില്ല. അതിനുള്ള ന്യായീകരണം ആയിട്ടാണ് തെന്നിന്ത്യൻ സംസ്ഥാനങ്ങളുടെ ത്രികോണ മുക്കുന്ന ( ജംഗ്ഷൻ) ന്യായീകരണത്തിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് കോൺഗ്രസിൻറെ സുരക്ഷിത മണ്ഡലമായ വയനാട്ടിലേക്ക് വരുന്നത് .

 

ഇത് ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസിന് ദോഷം ചെയ്യും. ചിലപ്പോൾ അമേത്തിയിലും വയനാട്ടിലും ഒരേസമയം രാഹുൽഗാന്ധി പരാജയപ്പെടാൻ പോലും ഈ തീരുമാനം കാരണമായേക്കും. ടെലിവിഷൻ ചാനലുകളിലെ ചർച്ചകളിലെ ന്യായീകരണത്തിനും പ്രതിരോധത്തിനും അപ്പുറത്തേക്ക് ഒരു രാഷ്ട്രീയകക്ഷി പോലും മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നില്ല എന്നുള്ളത് എല്ലാവർക്കും അറിവുള്ളതാണ്. ആ സാഹചര്യത്തിൽ ആശയങ്ങളെയും മൂല്യങ്ങളെയും ദേശീയ പ്രാധാന്യത്തെയും ഒക്കെ മാറ്റിവെച്ച് വോട്ടു മറിക്കൽ തന്ത്രം വ്യാപകമായി നടന്നാൽ അതിൽ ഒട്ടും അതിശയിക്കേണ്ടതില്ല. കാരണം രാഹുലിന്റെ വരവ് ഇടതുപക്ഷത്തിന് ദേശീയ തലത്തിൽ നിലനിൽപ്പ് ഭീഷണി ഉയർത്തുന്നു. കേരളത്തിൽ വോട്ട് മറിക്കൽ പുത്തരിയും അല്ല . പരസ്പരം ധാരണയുടെ അടിസ്ഥാനത്തിൽ വോട്ട് മറിക്കാത്ത ഒരു മുന്നണിയും ഒരു രാഷ്ട്രീയ പാർട്ടിയും കേരളത്തിലില്ല . ഇങ്ങനെയുള്ള ആ മുന്നണികളും പാർട്ടികളും ആണ് ഇപ്പോൾ ചില മണ്ഡലങ്ങളിൽ മത്സരം ത്രികോണം ആക്കി കൊണ്ടും മൂന്ന് മുന്നണികൾ ആയി രംഗത്തുള്ളത്.

 

എന്തായാലും ഉത്തരേന്ത്യയിൽ ബി.ജെ.പിക്കും എൻ.ഡി.എക്കും ഇതുപോലെ നല്ലൊരു അവസരം ഈ പ്രചാരണ വേളയിൽ കിട്ടാനില്ല. ദേശീയ തലത്തിൽ ബി.ജെ.പിക്ക് അനുകൂലമായും സംസ്ഥാനത്ത് കോൺഗ്രസ്സിന് ക്ഷീണവും ബി.ജെ.പിക്ക് കേരളത്തിൽ വൻ നേട്ടങ്ങളും ഈ തീരുമാനം നേടിക്കൊടുത്തെന്നിരിക്കും. അപ്പോഴായിരിക്കും ഈ ചരിത്രപരമായ വിഡ്ഢിത്തരത്തെ കുറിച്ച് എ.കെ.ആന്റണിക്കും കോൺഗ്രസ്സ് നേതൃത്വത്തിനും ബോധ്യം വരികയുള്ളു.