Skip to main content


ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുക എന്നതാണ് ഒരു ഭരണകൂടത്തിന്റെ പ്രാഥമിക ചുമതല. അതിന്റെ നിര്‍വഹണത്തിനായാണ് ഇന്ത്യന്‍ ജനാധിപത്യം തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭകളുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥവൃന്ദവും പോലീസും കോടതിയുമെല്ലാം സ്ഥാപിച്ചിരിക്കുന്നത്. ഇതിനെയാണ് നിയമവാഴ്ച എന്ന് പറയുന്നത്. ഇത്രയും തിയറി.

 

ഇനി കേരളത്തിലെ ചില പ്രയോഗങ്ങള്‍: വിവാഹേതര ബന്ധത്തിന്റെ പേരില്‍ ഒരു മന്ത്രിക്ക് മന്ത്രിമന്ദിരത്തില്‍  വച്ച്  മര്‍ദ്ദനമേറ്റെന്ന് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രസ്തുത മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് എന്ന് ചീഫ് വിപ്പ് പി.സി. ജോര്‍ജ് പ്രസ്താവിക്കുന്നു. നിയമസഭാ പദവിയാണെങ്കിലും കേരള സര്‍ക്കാരില്‍ മന്ത്രിക്കു തുല്യമായ പദവിയാണ്‌ ചീഫ് വിപ്പിന്റേത്. ധാര്‍മികതയുടെ പേരില്‍ മന്ത്രി രാജിവെക്കണമെന്ന് ചീഫ് വിപ്പ് ആവശ്യപ്പെടുന്നു. ആരോപണം മന്ത്രി നിഷേധിക്കുന്നു. ചീഫ് വിപ്പ് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്നും മന്ത്രി പറയുന്നു. നെല്ലിയാമ്പതി വിഷയത്തില്‍ ഇരുവരും പരസ്യമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍, പിന്നീട് മന്ത്രി രാജി സമര്‍പ്പിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നു. മന്ത്രി രാജി വെക്കണമോ എന്ന് യു.ഡി.എഫ്. യോഗം ചര്‍ച്ച ചെയ്യുന്നു.

 

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്ന ചുമതലയുടെ നിര്‍വഹണത്തിന്റെ ഭാഗമായാണ് മന്ത്രിമന്ദിരങ്ങളും പ്രത്യേക സംരക്ഷണവും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതെല്ലാം പൊതു ഖജനാവിന്റെ ചിലവിലുമാണ്‌. അതായത് മന്ത്രി മന്ദിരം സ്വകാര്യ വസതിയല്ല. ഇവിടെ വച്ച് മന്ത്രി ആക്രമിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ തിയറി അനുസരിച്ച്, ആദ്യം ചെയ്യേണ്ടത് ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനില്‍  കേസ് രജിസ്ടര്‍ ചെയ്യുക എന്നതാണ്.  നടന്നത് സുരക്ഷാ വീഴ്ചയാണ്. ഇനി അഥവാ അങ്ങിനെ ഒരു സംഭവം  നടന്നിട്ടില്ലെങ്കില്‍, മന്ത്രി ആരോപിക്കുന്ന പോലെ, ചീഫ് വിപ്പ് നുണ പറയുകയാണ്‌. രണ്ടായാലും മന്ത്രിസഭക്ക് അഭിലഷണീയമായ കാര്യമല്ല.

 

ജനങ്ങള്‍ക്ക്‌ ഒരു നിയമവും ഭരണാധികാരികള്‍ക്ക് മറ്റൊരു നിയമവും എന്ന അവസ്ഥ ജനാധിപത്യത്തിന്റെ നിലനില്‍പ്പിന് വെല്ലിവിളിയായി മാറാന്‍ അധികം സമയമെടുക്കില്ല. കുറ്റകൃത്യങ്ങളെ ശിക്ഷിക്കുകയും അക്രമങ്ങളെ അമര്‍ച്ച ചെയ്യുകയും മാത്രമല്ല ന്യായ-നിയമ പാലക സംവിധാനങ്ങളുടെ ചുമതല.  സമൂഹത്തില്‍ നീതി നിലനില്‍ക്കുന്നു എന്നുറപ്പാക്കുകയാണ് ഇവയുടെയെല്ലാം ആത്യന്തിക ലക്ഷ്യം. നിയമം നിയമത്തിന്റെ വഴിയെ പോകും എന്ന പ്രഖ്യാപനങ്ങള്‍ ഇന്ന് കേരളീയ സമൂഹത്തില്‍ ഒരു തമാശയായി മാറിയത് അധികാരികള്‍ ആ വഴിയില്‍ നിന്ന് മാറി നടക്കാന്‍ തുടങ്ങിയത് കൊണ്ടാണ്. (ചിലപ്പോഴെങ്കിലും, അധികാരത്തിന്റെ വഴിയില്‍ നിന്ന് നിയമവും.) ഇത്തവണയും മറ്റൊന്നല്ല ദൃശ്യമാകുന്നത്. പ്രഹസനം ഒരു നാടക ശൈലിയാണ്, രാഷ്ട്രീയ രീതിയല്ല എന്ന് യു.ഡി.എഫ്. നേതൃത്വം ഓര്‍ക്കുന്നത് നന്നായിരിക്കും.