Skip to main content

source

റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍ ചെസ് കളിയില്‍ ഒരു വിദഗ്ധനാണോ എന്നറിയില്ല. എന്നാല്‍, ഭൗമരാഷ്ട്രീയമെന്ന ചതുരംഗത്തില്‍ താന്‍ ഒരു ഗ്രാന്‍ഡ്‌മാസ്റ്റര്‍ തന്നെയാണെന്ന് അദ്ദേഹം വീണ്ടും തെളിയിക്കുകയാണ്. റഷ്യന്‍ രഹസ്യാന്വേഷണ സംഘടനകള്‍ക്കടക്കം ഉപരോധം പ്രഖ്യാപിക്കുകയും യു.എസിലെ രണ്ട് റഷ്യന്‍ നയതന്ത്ര സംവിധാനങ്ങള്‍ അടച്ചുപൂട്ടുകയും 35 റഷ്യന്‍ നയതന്ത്ര പ്രതിനിധികളെ രാജ്യത്ത് നിന്ന്‍ പുറത്താക്കുകയും ചെയ്ത യു.എസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നടപടി അത്യന്തം ഗൗരവകരമെന്ന് തോന്നുമെങ്കിലും പുടിനോടുള്ള ഒബാമയുടെ പ്രതികാരവാഞ്ച ശമിച്ചേക്കാം എന്നതിനപ്പുറം ഒരു ഫലം അത് ചെയ്യില്ല. സമാനമായി പ്രതികരിക്കാനുള്ള അവകാശം പ്രസ്താവിച്ചുകൊണ്ടുതന്നെ ‘അടുക്കള ശൈലിയിലുള്ള നിരുത്തരവാദിത്തപരമായ നയതന്ത്ര’ത്തിന് തങ്ങളില്ലെന്നാണ് പ്രതികരിച്ചതിലൂടെ പുടിനാകട്ടെ ഒബാമയുടെ നടപടിയെ ബാലിശമായി തള്ളി. ‘പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടപ്പിലാക്കുന്ന നയങ്ങള്‍ക്ക് അനുസരിച്ചായിരിക്കും റഷ്യ-യു.എസ് ബന്ധങ്ങള്‍ സാധാരണ നിലയിലാക്കാനുള്ള കൂടുതല്‍ നടപടികളെന്നും’ പുടിന്‍ കൂട്ടിച്ചേര്‍ത്തു. നിയുക്ത പ്രസിഡന്റ് എന്ന് കൂടിയല്ല പുടിന്‍ ട്രംപിനെ വിശേഷിപ്പിക്കുന്നത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. നയതന്ത്രത്തില്‍ ഓരോ വാക്കും അളന്നുമുറിച്ച് വരുന്നതാണ് എന്നതോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.   

 

കാലാളുകളെ വെട്ടി പുടിനെ പ്രകോപിക്കുകയും നയതന്ത്രത്തില്‍ പതിവായ സമാനമായ പ്രതികാര നടപടികള്‍ക്ക് റഷ്യയെ നിര്‍ബന്ധിതമാക്കുകയും വഴി  നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റഷ്യാ നയത്തെ സ്വാധീനിക്കുകയെന്ന പ്രകടമായ ഉദ്ദേശമാണ് യു.എസിന് ഉണ്ടായിരുന്നത്. എന്നാല്‍, ഒബാമയുടെ നീക്കങ്ങള്‍ക്ക് മറുനീക്കം പോലും നടത്താതെ പുടിന്‍ വെളിവാക്കുന്നത് സിറിയയിലെ ചതുരംഗ കളത്തില്‍ നിന്ന്‍ നിഷ്കാസനം ചെയ്യപ്പെട്ട നിലയില്‍ നില്‍ക്കുന്ന ഒബാമയെയാണ്. കളിയില്‍ നിന്ന്‍ പുറത്തായെന്ന് മാത്രമല്ല, പശ്ചിമേഷ്യയിലെ തങ്ങളുടെ ഏറ്റവും പ്രധാന സഖ്യകക്ഷിയും നാറ്റോ അംഗവുമായ തുര്‍ക്കി റഷ്യയ്ക്ക് ഒപ്പം നില്‍ക്കുന്ന ദയനീയ കാഴ്ചയാണ് യു.എസിന് മുന്നില്‍ ഇപ്പോഴുള്ളത്. സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ക്ക് യു.എസ് സഹായം നല്‍കിയെന്നതിന് ‘സ്ഥിരീകരിച്ച തെളിവുകള്‍’ തങ്ങളുടെ പക്കലുണ്ടെന്ന തുര്‍ക്കി പ്രസിഡന്റ് രസിപ് എദ്രുവാന്റെ പ്രസ്താവനയും ഒബാമയ്ക്ക് സുഖകരമാകില്ലെങ്കിലും രാപ്പനി ഉണ്ടെന്ന് വിളിച്ചുപറയുന്നത് കൂടെ കിടന്നയാളാണെന്ന വസ്തുതയ്ക്ക് മുന്നില്‍ മറ്റൊന്നും ചെയ്യാനില്ല.

 

putin

source

സിറിയന്‍ സൈന്യവും വിമത സേനകളും തമ്മില്‍ രാജ്യവ്യാപകമായ വെടിനിര്‍ത്തല്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത് പുടിനാണ്. ഇസ്ലാമിക് സ്റ്റേറ്റ്, അല്‍-ക്വൈദയുടെ ഭാഗമായ അല്‍-നുസ്ര മുന്നണി, കുര്‍ദിഷ് വിമത സംഘമായ വൈ.പി.ജി എന്നിവയ്ക്ക് നിയന്ത്രണമുള്ള പ്രദേശങ്ങളില്‍ ഒഴികെയാണ് വെടിനിര്‍ത്തല്‍. റഷ്യയും ഇറാനുമൊപ്പം തുര്‍ക്കിയും ചേര്‍ന്ന കൂട്ടുകെട്ടിന്റെ ആഭിമുഖ്യത്തില്‍ രൂപപ്പെട്ട, ആറു വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധത്തിലെ ഏറ്റവും പ്രതീക്ഷാജനകമായ, വെടിനിര്‍ത്തലിന് ഉറപ്പ് നല്‍കുന്നത് റഷ്യയും തുര്‍ക്കിയും ചേര്‍ന്നാണ്. ഒരു വര്‍ഷം മുന്‍പ്, 2015 നവംബറില്‍ റഷ്യന്‍ പോര്‍വിമാനം വെടിവെച്ചിട്ട തുര്‍ക്കിയാണ് ഇപ്പോള്‍ റഷ്യയ്ക്കൊപ്പം സിറിയന്‍ വെടിനിര്‍ത്തലിന് സൈനിക മേല്‍നോട്ടം വഹിക്കുന്നതെന്ന വസ്തുത ക്ഷമ ആട്ടിന്‍സൂപ്പിനേക്കാള്‍ ഫലം ചെയ്യുമെന്ന ചൊല്ലിനെ അന്വര്‍ത്ഥമാക്കുന്നതാണ്. പുടിന്റെ ക്ഷമാപൂര്‍വ്വമുള്ള, കാത്തിരുന്നും പൊറുത്തും എന്ന രണ്ടര്‍ത്ഥത്തിലും, നയതന്ത്ര നീക്കങ്ങളുടെ വിജയം കൂടിയാണ് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തില്‍ തന്ത്രപ്രധാന ശക്തിയായ തുര്‍ക്കിയെ സിറിയയില്‍ ഇന്ന്‍ റഷ്യന്‍ കൂട്ടുകെട്ടില്‍ എത്തിച്ചത്. അങ്ങനെയുള്ള പുടിന്‍ മൂന്ന്‍ മാസം മാത്രം കാലാവധിയുള്ള ഒബാമ ഭരണകൂടത്തിന്റെ കാലാള്‍ പ്രകോപനത്തില്‍ വീഴും എന്ന്‍ കരുതുന്നതാണ് ആശ്ചര്യം.

 

ഒബാമയുടെ എട്ട് വര്‍ഷങ്ങള്‍ക്ക് ഇത്തരത്തിലുള്ള ഒരു പരിസമാപ്തിയായിരുന്നില്ല അര്‍ഹിച്ചത്. ഇസ്രയേല്‍-പലസ്തീന്‍ തര്‍ക്കത്തില്‍ മുന്‍ യു.എസ് ഭരണകൂടങ്ങളില്‍ നിന്ന്‍ വ്യതിരിക്തമായ നിലപാടും ഇറാന്‍, ക്യൂബ തുടങ്ങിയ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിലെ മഞ്ഞുരുക്കിയതുമെല്ലാം വിദേശനയത്തില്‍ ഒബാമയുടെ ശ്രദ്ധേയ നേട്ടങ്ങളാണ്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടി സാധ്യമാക്കുന്നതില്‍ വഹിച്ച പങ്കും എടുത്തുപറയേണ്ടത് തന്നെ. എന്നാല്‍, സമകാലീന യു.എസ് പ്രസിഡന്റുമാരുടെ ഉരകല്ലായി മാറുന്ന പശ്ചിമേഷ്യയില്‍ സിറിയയിലെ വീഴ്ച ഒബാമയുടെ മാറ്റ് കുറയ്ക്കുന്നു. അത് തിരിച്ചറിയുന്നത് കൊണ്ട് തന്നെയാകണം, റഷ്യയെ, അല്ലെങ്കില്‍ പുടിനെ, ഇതിന്റെ കാരണമായി അവതരിപ്പിച്ച് തങ്ങളുടെ പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ മേല്‍ കെട്ടിവെക്കാനുള്ള ആ സ്ഥിരം മാനുഷിക പ്രവണത ഒബാമ പ്രകടിപ്പിക്കുന്നത്. ഹില്ലാരി ക്ലിന്റന്റെ തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായി റഷ്യയെ കുറ്റപ്പെടുത്തുന്നതും ഇതേ പ്രവണതയാണ്. തന്റെ വര്‍ഷാന്ത്യ വാര്‍ത്താസമ്മേളനത്തില്‍ ഇതിന് മറുപടിയായി പുടിന്‍ പറഞ്ഞത് ശ്രദ്ധേയമാണ്: പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാത്രമല്ല സെനറ്റിലേക്കും ജനപ്രതിനിധിസഭയിലേക്കും ഒപ്പം നടന്ന തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി പരാജയപ്പെട്ടതിനും കാരണം താനാണോ? ... എല്ലാ നിലയിലും പരാജയപ്പെട്ട അവര്‍ കുറ്റം ചാര്‍ത്താന്‍ ബലിയാടിനെ തേടുകയാണ്. സ്വന്തം അന്തസ്സിനോടുള്ള അവഹേളനമാണിത്. സുഭഗതയോടെ പരാജയപ്പെടുന്നതെങ്ങനെയെന്ന്‍ അറിയേണ്ടത് പ്രധാനമാണ്.

 

വന്‍ശക്തി എന്ന നിലയില്‍ യു.എസിന്റെ തളര്‍ച്ചയുടെ കാലഘട്ടത്തിനാണ് ഒബാമ നേതൃത്വം കൊടുത്തതത്. എന്നാല്‍, ഇത് ആപേക്ഷികമായ ഒരു തളര്‍ച്ചയാണ്. യു.എസിന്റെ ശക്തിക്ഷയത്തെക്കാള്‍ മറ്റ് രാഷ്ട്രങ്ങളുടെ ശാക്തികമായ ഉയര്‍ച്ചയാണ് ഇതിന് കാരണമാകുന്നത്. എന്നാല്‍, പ്രസ്താവനകളില്‍ ഇതംഗീകരിക്കുമ്പോഴും പ്രവൃത്തികളില്‍ അതിനനുസൃതമായ മാറ്റം വരുത്താന്‍ യു.എസിന് കഴിഞ്ഞില്ല. ആദ്യ ടേമില്‍ ചൈനയെ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങളും ഫലപ്രാപ്തിയിലെത്തിയില്ലെന്നത് ഇതോടൊപ്പം ഓര്‍ക്കാവുന്നതാണ്. ഏത് രാജ്യത്തിന്റെയും വിദേശനയത്തിന്റെ നിര്‍ണ്ണായക ഘടകം അതിന്റെ ആഭ്യന്തര അന്തരീക്ഷമാണ്. ഒബാമയെ സംബന്ധിച്ചിടത്തോളം പല കാരണങ്ങള്‍ കൊണ്ട് അനുകൂലമായ ഒരു ആഭ്യന്തര അന്തരീക്ഷമല്ല ഉണ്ടായിരുന്നത്. അത്തരമൊന്നു രൂപപ്പെടുത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞുമില്ല. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു റിപ്പബ്ലിക്കന്‍ പാര്‍ട്ടിയ്ക്ക് ഭൂരിപക്ഷമുള്ള യു.എസ് കോണ്‍ഗ്രസില്‍ യു.എസ് പ്രസിഡന്റിനെ പരസ്യമായി വിമര്‍ശിക്കുന്ന മറ്റൊരു രാജ്യത്തും കാണാത്ത കാഴ്ച യു.എസിന്റെ ആഭ്യന്തര രാഷ്ട്രീയം എത്രത്തോളം വിഭജിതമായിരിക്കുന്നു എന്നതിന്റെ നിദര്‍ശനമായിരുന്നു. എന്നാല്‍, 2008-ല്‍ ഒബാമ വാഗ്ദാനം ചെയ്ത മാറ്റത്തിന്റെ ഫലമായിരുന്നുമില്ല ഇത്. വ്യവസ്ഥാപിത വാഷിംഗ്‌ടണ്‍ രാഷ്ട്രീയത്തിന്റെ ജീര്‍ണ്ണത മാത്രമാണ് യു.എസ് ജനത ഇതിലും കഴിഞ്ഞ എട്ട് വര്‍ഷങ്ങളിലും കണ്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ ബേര്‍ണി സാണ്ടെഴ്സിനും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രംപിനും ലഭിച്ച സ്വീകാര്യത ഒബാമയടക്കം നേരിടുന്ന വിശ്വാസ്യതാ കമ്മിയുടെ പ്രതിഫലനമായിരുന്നു. തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ വിജയവും ഡെമോക്രാറ്റിക് പാര്‍ട്ടി നേരിട്ട സമ്പൂര്‍ണ്ണ പരാജയവും അതിന്റെ സ്വാഭാവികമായ തുടര്‍ച്ച മാത്രമാണ്. അതിനെ അംഗീകരിക്കുകയും സുഭഗതയോടെ അരങ്ങ് ഒഴിയുകയുമാണ് ഇനി ഒബാമയ്ക്ക് ചെയ്യാനുള്ളൂ.