മറിയാമ്മയും ഉമ്മൻ ചാണ്ടിയും ഓണവും

Glint Staff
Fri, 05-09-2014 05:37:00 PM ;

chandy and mariyammaഓണം കൊയ്ത്തുത്സവമാണ്. അതേസമയം അതിന്റെ പിന്നിൽ മിത്തുമുണ്ട്. മിത്തിനെ പൊതിഞ്ഞുവയ്ക്കുന്ന വർണ്ണപ്പൊതിയാണ് ഉത്സവം. അതില്‍ ഒരു സമൂഹം ഒരേ നിലയിൽ ഒന്നിച്ചു സന്തോഷിക്കുന്നു. മിത്തും ഒരു പൊതിയാണ്. അതും പൊളിച്ചാലേ അതിനുള്ളിൽ ഭദ്രമായി വച്ചിരിക്കുന്നത് കാണാൻ പറ്റുകയുള്ളു. എത്രമാത്രം സൂക്ഷ്മമായിട്ടായിരിക്കാം അത് സൂക്ഷിച്ചുവച്ചിരിക്കുന്നതെന്ന് ആർക്കും മനസ്സിലാക്കാവുന്നതേ ഉള്ളു. നമ്മുടെ മസ്തിഷ്കത്തെ ഭദ്രമായും മനോഹരമായും സൂക്ഷിച്ചിരിക്കുന്നതുപോലെ. ഒരർഥത്തിൽ നമ്മുടെ തലയും ഒരു മിത്തുതന്നെ. കേരളത്തിൽ ആദ്യമായാണ് ഒരു മുഖ്യമന്ത്രി ഔദ്യോഗികവസതിയിൽ കൊയ്ത്തു നടത്തിക്കൊണ്ട് ഓണത്തിൽ പങ്കുചേർന്നത്. കൊയ്ത്തിനോടൊപ്പം അദ്ദേഹം ഒരു കാര്യം കൂടി പറയുകയുണ്ടായി. ഈ കൃഷിയിൽ തനിക്ക് പങ്കില്ലെന്ന്. കൊയ്യാറായപ്പോഴാണ് ഇങ്ങനെ കൃഷി നടക്കുന്ന കാര്യം അദ്ദേഹം അറിഞ്ഞതുപോലും. കൃഷി നടത്തിയത് അദ്ദേഹത്തിന്റെ ഭാര്യയും.

 

എന്തിലും ഏതിലും മോശം കണ്ടെത്തുന്നത് ശരിയല്ല. എങ്കിലും, ഇക്കുറി ഓണക്കാലത്ത് ആഘോഷത്തിനിടയിൽ നമുക്ക് ഓണത്തെ ബന്ധപ്പെടുത്തി ചിന്തിക്കാൻ മുഖ്യമന്ത്രി സമ്മാനിച്ച അതിവിശിഷ്ടമായ സമ്മാനമാണത്. എല്ലാവർക്കും എല്ലാ സമൃദ്ധിയും ഉണ്ടായിരുന്ന, ആഘോഷം മാത്രമായിരുന്ന കാലത്തെ അനുസ്മരിക്കാനാണ് മലയാളി ഓണം ആഘോഷിക്കുന്നതെന്ന് മാത്രമറിഞ്ഞാൽ ഓണാഘോഷം അർഥരഹിത ആർഭാടമായി അവശേഷിക്കും. സൂക്ഷ്മരൂപത്തിൽ അഥവാ വാമനരൂപത്തിൽ മനുഷ്യന്റെ ഉള്ളിൽ കുടികൊള്ളുന്ന ശ്രദ്ധയിലേക്ക് ഉണരാനുള്ള ഉണർത്താഘോഷമാണ് യഥാർത്തിൽ ഓണം. അത് മനസ്സിലാക്കിയപ്പോൾ അതുവരെ എന്തൊക്കെയാണോ ജീവിത സന്തോഷത്തിന് അനിവാര്യമായതെന്ന് കരുതിയിരുന്നത് അവയും സ്വന്തം ശരീരം പോലും ബലികഴിക്കാൻ തയ്യാറായതുകൊണ്ടാണ് അത് നിർവഹിച്ച ചക്രവർത്തി മഹാബലിയായത്. ബാഹ്യവിഷയങ്ങളിൽ മർക്കടസ്വഭാവം പോലെ ചാടിച്ചാടി നടക്കുന്ന മനസ്സ് ഓരോ ചില്ലയിൽ നിന്ന് അടുത്തതിലേക്ക് അസ്വസ്ഥമായി ചാടിക്കൊണ്ടിരിക്കും. അതിൽ നിന്നുള്ള മോചനത്തിന് ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന വാമനരൂപത്തിലുള്ള ശ്രദ്ധയെ ഉണർത്തുക. സ്വന്തം ശരീരത്തെ നന്നായി അറിയുക.  ഭാര്യയെ അറിയുക, മക്കളെ അറിയുക, സ്വന്തം വീടിനേയും ചുറ്റുപാടുകളേയും അറിയുക. ഇതാണ് ശ്രദ്ധ. ആ ശ്രദ്ധ നഷ്ടപ്പെട്ടാൽ ഉണ്ടാവുന്ന നഷ്ടങ്ങൾ വളരെ വലുതാണ്.

 

ഉമ്മൻചാണ്ടി നാം അർഹിക്കുന്ന മുഖ്യമന്ത്രി

 

ഒന്നാലോചിച്ചു നോക്കൂ, സ്വന്തം വീട്ടുമുറ്റത്ത് ഭാര്യ നടത്തിയ കൃഷി മുഖ്യമന്ത്രി അതിന്റെ വിളവെടുപ്പുവരെ അറിഞ്ഞില്ല എന്നുവെച്ചാൽ അദ്ദേഹം വീട്ടിൽ ശ്രദ്ധിച്ചിട്ടില്ല എന്നാണ്. സ്വന്തം വീടും പരിസരവും ശ്രദ്ധിക്കാൻ കഴിയാത്ത മുഖ്യമന്ത്രിക്ക് എങ്ങനെ താൻ ഭരിക്കുന്ന സംസ്ഥാനം ശ്രദ്ധിക്കാൻ കഴിയുമെന്ന് ആരെങ്കിലും ചിന്തിച്ചാൽ അത് യുക്തിഭദ്രമാണ്. അദ്ദേഹത്തിന്റെ ഈ അശ്രദ്ധ മുതലെടുത്ത് സ്റ്റാഫിൽ പെട്ട ആരെങ്കിലും ക്ലിഫ്ഹൗസിന്റെ പിന്നാമ്പുറത്ത് കഞ്വാവ് കൃഷി നടത്തുകയാണെങ്കിൽ  അതും സാധ്യമാകുമെന്നാണ് ഈ കൃഷിയിൽ തനിക്ക് പങ്കില്ലെന്ന പ്രഖ്യാപനത്തിലൂടെ അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ സഞ്ചാരയോഗ്യമല്ലാത്ത റോഡുകളിലൂടെ അദ്ദേഹം എപ്പോഴും യാത്രചെയ്തിട്ടും അത് ശ്രദ്ധിക്കാൻ കഴിയാതെ വരുന്നതും ശ്രദ്ധ ശീലമല്ലാത്തതുകൊണ്ടാണ്. മുഖ്യമന്ത്രിയെപ്പോലൊരു ഭരണാധികാരി സ്വാസ്ഥ്യം അനുഭവിക്കേണ്ടത് ആ സംസ്ഥാനത്തെ ജനങ്ങളുടെ ജീവിതത്തിന്റെ സുഗമമായ ഗതിയുടെ ആവശ്യകതയുമാണ്. അതുകൊണ്ടാണ് നമ്മുടെ ഖജനാവിൽ നിന്നും വൻ തുക ചെലവഴിച്ച് ക്ലിഫ്ഹൗസ് പോലുള്ള ബംഗ്ലാവുകൾ നിലനിർത്തി അദ്ദേഹത്തെ അവിടെ താമസിപ്പിക്കുന്നത്. തന്റെ ഓഫീസ് സ്റ്റാഫിലുള്ളവര്‍ അഴിമതിക്കേസ്സിൽ പെട്ടപ്പോഴും അദ്ദേഹം പറഞ്ഞത് ആലങ്കാരികമായി പറഞ്ഞാൽ അവർ നടത്തിയ കൃഷിയിൽ തനിക്ക് പങ്കില്ലെന്നാണ്.

 

മുഖ്യമന്ത്രിയും ഭാര്യയും തമ്മിലുള്ള ആശയവിനിമയത്തിന്റെ തോതും മുഖ്യമന്ത്രിയുടെ ഈ കൃഷിയിൽ പങ്കില്ലാ പ്രയോഗം പ്രകടമാക്കുന്നു. ഔദ്യോഗിക വസതിയിലെ വളപ്പിൽ വിതച്ചതിനേക്കുറിച്ചും വളം ചെയ്തതിനെക്കുറിച്ചും കൊയ്ത്തുവരെ പറയാതിരുന്ന മുഖ്യമന്ത്രിയുടെ ഭാര്യ തന്നോടുള്ള അശ്രദ്ധയെ ഈ ഓണക്കാലത്ത് മുഖ്യമന്ത്രിയെ ഓർമ്മിപ്പിക്കുകയായിരുന്നോ എന്നും കൗതുകപൂർവ്വം സംശയിക്കേണ്ടിയിരിക്കുന്നു. അടുക്കളയിലേയും അടുക്കളത്തോട്ടത്തിലേയും കാര്യമറിയുന്ന മുഖ്യമന്ത്രിയാണ് ഇന്ന് കേരളത്തിനാവശ്യം എന്നുകൂടി ഈ ഓണക്കാലം ഓർമ്മിപ്പിക്കുന്നു. അത് വഹിക്കുന്ന രാഷ്ടീയമിത്തായി മുഖ്യമന്ത്രിയുടെ ഉമ്മൻ ചാണ്ടിയുടെ കൊയ്ത്ത് മാറട്ടെ എന്ന് പ്രതീക്ഷിക്കാം. അതോടടൊപ്പം, മുഖ്യമന്ത്രി കൊയ്തത് അദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മയുടെ ശ്രദ്ധയേയുമാണ്. വിതച്ച നാൾ മുതൽ കൊയ്ത്തുവരെ തുടർന്ന ശ്രദ്ധ. തന്നിലൂടെ, ശ്രദ്ധയോടെ കേരളത്തിന്റെ രക്ഷയിലേക്കു ശ്രദ്ധിക്കൂ എന്നുകൂടിയാണ് മറിയാമ്മ തന്റെ ഭർത്താവിനോട് ഈ വിതയ്ക്കലും കൊയ്ത്തിലൂടെയും പറയുന്നത്. ഓണം ഓർമ്മിപ്പിക്കുന്നതും അതാണ്. ആ ഓർമ്മയുടെ ആഘോഷത്തെ പ്രതീകാത്മക പ്രായോഗികത ചാർത്തി ഭംഗ്യന്തരേണ മലയാളികളേയും അവരുടെ മുഖ്യമന്ത്രിയേയും ആഘോഷപൂർവ്വം ഓർമ്മപ്പെടുത്തിയ മറിയാമ്മ വർത്തമാനത്തിലേയും ഭാവിയിലേയും എല്ലാ മലയാളികളുടേയും അഭിനന്ദനങ്ങൾ അർഹിക്കുന്നു. ഇത് ഓരോ മലയാളിയും ഓർക്കേണ്ടതാണ്. എങ്കിൽ മാത്രമേ അതോർക്കുന്ന മുഖ്യമന്ത്രിയും ഉണ്ടാവുകയുള്ളു.

Tags: