Skip to main content

ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ ശക്തിസൗന്ദര്യത്തിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ് നാൽപ്പത്തിയൊമ്പതാം ദിവസം രാജിവെച്ചിറങ്ങിപ്പോകുന്ന ദില്ലിയിലെ അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി മന്ത്രിസഭ. ഏതു പരീക്ഷണങ്ങൾക്കും  പരിധിയില്ലാത്ത സ്വാതന്ത്ര്യം അനുവദിച്ചുതരുന്നു എന്നതാണ് ആ ശക്തിയും സൗന്ദര്യവും.

 

arvind kejriwalഉത്തരവാദിത്വമില്ലാത്ത സ്വാതന്ത്ര്യം വിനാശകരമാണ്. ജനായത്ത ഭരണത്തിലെ അനിയന്ത്രിതമായ സ്വാതന്ത്ര്യത്തെ ഉത്തരവാദിത്വമില്ലാതെ വിനിയോഗിക്കപ്പെടുമ്പോഴുണ്ടാവുന്ന അസന്തുലിതാവസ്ഥയുടെ ബാഹ്യ ലക്ഷണങ്ങളിലൊന്നാണ് അഴിമതി. അത്തരത്തിൽ, കുമിഞ്ഞുകൂടിയ ഉത്തരവാദിത്വമില്ലായ്മയിലൂടെ ഇന്ത്യൻ ജനായത്ത സംവിധാനത്തിന്റെ ശരീരത്തിൽ കയറിക്കൂടിയ രോഗങ്ങളിൽ ലക്ഷണവശാൽ പ്രമുഖമാണ് അഴിമതി. ഭരിക്കാനായി അധികാരത്തിലേറി, ഭരണസംവിധാനത്തെ മുഴുവൻ തങ്ങളുടെ പ്രചാരണ പരിപാടിക്കുള്ള അവസരമാക്കി മാറ്റുന്നതും പ്രത്യക്ഷവും പരോക്ഷവുമായുമുള്ള അഴിമതി തന്നെയാണ്. ഇതിന് നേതൃത്വം നൽകുന്നവരും ആ നേതൃത്വത്തിൽ വിശ്വസിച്ച് അണിചേരുന്നവരും ഇക്കാര്യം അറിയുന്നില്ലെന്നു മാത്രം. അതായത് നേതൃത്വത്തിന്റേയും അണികളുടേയും ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യാനാകാത്ത അവസ്ഥ.

 

ആം ആദ്മി ഉന്നയിക്കുന്ന പ്രശ്നങ്ങളെല്ലാം വളരെ ന്യായയുക്തം തന്നെയാണ്. രോഗം ഉണ്ടെന്ന്‍ വ്യക്തം. എന്നാല്‍, രോഗനിർണ്ണയവും അതിനുപയുക്തമായ ചികിത്സയുമാണ് ഇന്ത്യൻ ജനായത്ത സംവിധാനം ആവശ്യപ്പെടുന്നത്. രോഗകാരണമെന്തായാലും ലക്ഷണം സൃഷ്ടിക്കുന്നതാണ് അതിന്റെ കാഠിന്യം. സ്വഭാവികമായും ആ ലക്ഷണങ്ങളിൽ നിന്ന് വിമുക്തമാകാൻ അതിൽ പെട്ടുഴലുന്നവർക്ക് ആഗ്രഹമുണ്ടാകും. കാരണത്തെ അവിടെ അവശേഷിപ്പിച്ചുകൊണ്ട് ലക്ഷണചികിത്സ നടത്തുമ്പോൾ രോഗകാരണമറിയാത്ത രോഗിക്ക് പെട്ടന്ന് ആശ്വാസം ലഭിക്കും. എന്നാൽ ആ ചികിത്സ പിന്നീട് നിലവിലുള്ള രോഗത്തെ മൂർഛിപ്പിക്കുകയും ചിലപ്പോൾ അത് മരണത്തിലേക്ക് നയിച്ചെന്നുമിരിക്കും. അത്തരത്തിലുള്ള ഉത്തരവാദിത്വമില്ലാത്ത ലക്ഷണ ചികിത്സയാണ് ആം ആദ്മി പാർട്ടി അഥവാ അരവിന്ദ് കേജ്രിവാളിന്റെ പരീക്ഷണം.

 

ഒട്ടേറെ സാമ്പത്തികബാധ്യതകൾ സർക്കാറിന്റെ മേൽ വരുത്തിവയ്ക്കുന്ന തീരുമാനങ്ങളാണ് കേജരിവാൾ സർക്കാർ നാൽപ്പത്തിയൊമ്പതു ദിവസത്തിനുള്ളിൽ ചെയ്തത്. ആ ഉത്തരവിട്ടതിനുശേഷം ഭരണം വിട്ടിറങ്ങുന്നു. പ്രഖ്യാപിച്ചവ നടപ്പാക്കുമ്പോഴാണ് ഉത്തരവാദിത്വം ഉണ്ടാവുന്നത്. ഇറങ്ങിപ്പോകാൻ തീരുമാനിച്ചുകൊണ്ട് പ്രത്യേക പഠനങ്ങള്‍ നടത്താതെയും ധനാഗമമാർഗ്ഗങ്ങളെ കുറിച്ച് ആലോചിക്കാതെയും പരിഷ്കാരങ്ങൾ പ്രഖ്യാപിച്ചിട്ട് ഇറങ്ങിപ്പോകുന്നത് ഭരണസ്തംഭനത്തിലേക്കും അതുവഴി ജനങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലേക്കും നയിക്കും. അപ്പോഴും ദുരിതം കൂടുതൽ അനുഭവിക്കുക സമൂഹത്തിലെ താഴെത്തട്ടിലുള്ളവരായിരിക്കും. ജലവിതരണം സാമ്പത്തികപ്രശ്നം കൊണ്ട് ദില്ലിയിൽ തകരാറിലായെന്നു കരുതുക. ഏതാനും ദിവസം കുടിവെള്ളവിതരണം അതിന്റെ പേരിൽ തടസ്സപ്പെട്ടാൽ  ഉണ്ടാവുന്ന ഭവിഷ്യത്തുകൾ അചിന്തനീയമാണ്. അപ്പോഴും സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർ കുപ്പിവെളളം വാങ്ങിക്കൂട്ടിയെങ്കിലും കാര്യങ്ങൾ നടത്തും. പക്ഷേ അതിനു ശേഷിയില്ലാത്തവർക്ക് ജീവിതം ദുസ്സഹമാകുകയോ രോഗത്തിനടിപ്പെട്ട് ദുരിതമനുഭവിക്കുകയോ ചെയ്യേണ്ടിവരും.

 

ജനായത്ത സംവിധാനത്തിന്റെ സക്രിയത്വത്തിന് അനിവാര്യമാണ് രാഷ്ട്രീയം. ആ രാഷ്ട്രീയത്തെ ഒഴിവാക്കിയാൽ പിന്നീട് കടന്നുവരിക അരാഷ്ട്രീയമായിരിക്കും. അരാഷ്ട്രീയമായ സാഹചര്യത്തിൽ അരാജകത്വം വിളയാടും. അത് ഏകാധിപത്യത്തിലേക്ക് വഴിതെളിക്കും. അരവിന്ദ്‌ കേജ്രിവാൾ ഉന്നയിക്കുന്ന വിഷയങ്ങൾ ഇന്ത്യ നേരിടേണ്ട, പരിഹരിക്കേണ്ട പ്രശ്നങ്ങൾ തന്നെയാണ്. എന്നാൽ, സക്രിയ ജനായത്തമായ ഇന്ത്യയിൽ അവ പരിഹരിക്കാൻ അടിയന്തിരമായി വേണ്ടത് ജനങ്ങളുടെ സമീപനത്തിലെ മാറ്റങ്ങളാണ്. ജനങ്ങളിലെ മാനസികാവസ്ഥയാണ് അഴിമതിയെ നിലനിർത്തുന്നത്. നമ്മുടെ സഹോദരങ്ങൾ തന്നെയാണ് അഴിമതിയിലും എല്ലാവിധ അനാശാസ്യ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നത്. അവരുടെ മാറ്റത്തിന് സഹായകമായ രാഷ്ട്രീയ പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ നയിക്കുന്ന രാഷ്ട്രീയ മാറ്റമാണ് ഇന്ന് ഇന്ത്യ ആവശ്യപ്പെടുന്നത്. അതിനുള്ള ഉത്തരവാദിത്വം മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾക്കുണ്ട്.

 

ആം ആദ്മി പാർട്ടിയുടെ ആവിർഭാവവും വളർച്ചയും സ്വാഭാവികമായ പ്രതിഭാസമാണ്. അത് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ജീർണ്ണത ഒരുക്കിയ വളത്തിൽ നിന്നു മുളച്ചതാണ്. അതിനാൽ ആ ജീർണ്ണതയെ തിരിച്ചറിഞ്ഞ് ചെറിയ നീക്കങ്ങളിലൂടെയെങ്കിലും മാറ്റത്തിന് അവർ ശ്രമിക്കേണ്ടത് ആവശ്യമാണ്. വരുന്ന പൊതുതെരഞ്ഞെടുപ്പ്  അതിനുള്ള അവസരമാണ് ഒരുക്കുന്നത്. കേരളത്തിൽ വി.എം സുധീരനെ കെ.പി.സി.സി അധ്യക്ഷനാക്കാനുള്ള തീരുമാനത്തിന്റെ പിന്നിലും പരോക്ഷമായ ആം ആദ്മി പാർട്ടി സ്വാധീനം കാണാൻ കഴിയും. അത്തരത്തിൽ മുഖ്യധാരാ പാർട്ടികൾ സ്ഥാനാർഥി നിർണ്ണയത്തിലും മറ്റും നിലപാടു സ്വീകരിക്കുകയാണെങ്കിൽ ഗുണപരമായ മാറ്റങ്ങൾക്ക് അതു വഴിതെളിക്കും. അല്ലെങ്കിൽ ഇന്ത്യയിൽ അരാജകത്വം വളരുമെന്നതിൽ സംശയമില്ല. കാരണം അതിനു അനുകൂലമായ ആഗോളസാഹചര്യവും പ്രാദേശിക അന്തരീക്ഷവുമാണ് നിലവിലുള്ളത്. ഇന്ത്യയുടെ അയൽ രാജ്യങ്ങളെ എടുത്തുനോക്കുക. ഇവിടെ മാത്രമാണ് ഇത്രയധികം രോഗലക്ഷണങ്ങളുണ്ടായിട്ടും ശക്തി തീർത്തും ക്ഷയിക്കാതെ ജനായത്തം നിലനിൽക്കുന്നത്. ഇത്  വിനാശകരമായ അവസ്ഥയിലേക്ക് വഴുതിവീഴാൻ വലിയ താമസമൊന്നും ഡിജിറ്റൽ യുഗത്തിൽ ആവശ്യമില്ല എന്നുള്ളതും കണക്കിലെടുക്കേണ്ടതാണ്.

 

ആം ആദ്മിയും കേജ്രിവാളും ശരിയോ തെറ്റോ  ആകാം. പക്ഷേ അത് ശക്തമായ മുന്നറിയിപ്പാണ്. എല്ലാ ജനവിഭാഗങ്ങളുമുൾക്കൊള്ളുന്ന സ്വഛമായ രാജ്യമല്ല ആം ആദ്മിക്കാരുടെ സ്വപ്നം. മറിച്ച് രോഷാഗ്നിയിൽ  ഒരു വിഭാഗത്തോടു യുദ്ധം പ്രഖ്യാപിച്ച് അവരെ തുറുങ്കിലടയ്ക്കാനുള്ള ദാഹമാണ് അവരുടെ പ്രേരകശക്തി. ബ്രിട്ടീഷുകാർ ഇന്ത്യ വിടുമ്പോൾ അവർ നമ്മളുടെ സുഹൃത്തുക്കളായിരിക്കണം എന്ന് എപ്പോഴും ഓർമ്മിപ്പിച്ച ഗാന്ധിജിയുടെ സ്മരണയെപ്പോലും ആം ആദ്മിക്കാർ തൊപ്പി ധരിക്കലിലൂടെ വികലമാക്കുകയാണ്. ഗാന്ധിയൻ ആശയത്തിന്റെ മുഖമുദ്ര അഹിംസയായിരുന്നുവെങ്കിൽ ആം ആദ്മി പാർട്ടിയുടെ മുഖമുദ്ര ഹിംസാത്മകതയും അതിനുവേണ്ടിയുളള ദാഹവുമാണ്. ആഫ്രിക്കൻ ജനതയുടെ മനസ്സിൽ ഗാന്ധിജിക്ക് ഒരു സ്ഥാനമുണ്ട്. ഗാന്ധിജിയെ ഗാന്ധിജിയാക്കിയതിലും ആഫ്രിക്കയുടെ സ്വാധീനം ഓർക്കാം. ആ ആഫ്രിക്കൻ ജനതയുടെ മനസ്സിൽ, ഗാന്ധിത്തൊപ്പിയിലൂടെ ഗാന്ധിസ്മരണ ഉണർത്തുന്ന ആം ആദ്മിക്കാർ കോരിയിട്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ വർണ്ണവിവേചനത്തിന്റെ വിത്തുകൾ. ന്യായീകരണം എന്തുതന്നെയായാലും മന്ത്രിയുടെ നേതൃത്വത്തിൽ അർധരാത്രിയിൽ ആഫ്രിക്കൻ വനിതകൾ താമസിക്കുന്ന സ്ഥലം റെയ്ഡ് ചെയ്യുകയും അവരുടെ മൂത്രം പരസ്യമായി എടുപ്പിക്കുകയുമൊക്കെ ചെയ്ത നടപടിയിൽ ആഫ്രിക്കൻ ജനതയ്‌ക്കൊപ്പം ഗാന്ധിജിയുടെ മനസ്സും വിങ്ങുന്നത് അറിയാൻ കഴിയും.

 

ആം ആദ്മിക്കാരും ഇന്ത്യൻ ജനതയും ഗാന്ധിജിയിലേക്ക് ചെറുതായെങ്കിലുമൊന്ന്‍ തിരിഞ്ഞാല്‍ അതായിരിക്കും ഏറ്റവും വലിയ വിപ്ലവാത്മകമായ മാറ്റവും രാഷ്ട്രീയ പുനരുജ്ജീവനവും. കാലദേശഭേദമന്യേ പ്രയോഗത്തിൽ വരുത്താവുന്ന  അടിസ്ഥാന പ്രായോഗികതകളാണ് ഗാന്ധിജി മുന്നോട്ടു വച്ചിട്ടുള്ളത്. അത് ഏറ്റവും ക്രിയാത്മകമായി ഉപയോഗിക്കാൻ പറ്റിയ യുഗമാണ് ഡിജിറ്റൽ യുഗം. ഇടുങ്ങിയ ദേശഭക്തി പോലും ഗാന്ധിജി അംഗീകരിച്ചിരുന്നില്ല എന്നോർക്കുമ്പോഴാണ് ഈ യുഗത്തിൽ ആ തത്വശാസ്ത്രത്തിന്റെ പ്രോജ്വലത പ്രകടമാകുന്നത്. അത് മനസ്സിലാക്കാൻ കഴിയാതെ വന്നതാണ് ഇന്ന് ഇന്ത്യയ്ക്ക് പറ്റിയ അപചയത്തിലെ മുഖ്യകാരണം. എന്നാല്‍, ആം ആദ്മി ഏർപ്പെടുന്നതാകട്ടെ ഗാന്ധിയൻ സ്മരണ ഉണർത്തി ആ ആശയത്തെ വളച്ചൊടിക്കുകയും വിപരീത ദിശയിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലും.

 

ഗാന്ധിയന്‍ തത്വസംഹിതയുടെ പ്രായോഗികതകൾ നല്ലൊരളവോളം ഇന്ത്യൻ ഭരണഘടനയും പേറുന്നുണ്ട്. അവിടെയാണ് ഭരണഘടനയും  അതിനുള്ളിൽ നിന്നുകൊണ്ടുള്ള പ്രവർത്തനങ്ങളും വിപ്ലവകരമായ മാറ്റങ്ങളും പ്രസക്തമാകുന്നത്. രാജിവെച്ചതിനു ശേഷം അദ്ദേഹം നടത്തിയ മാർക്ക് ആന്റണി പ്രസംഗത്തിൽ അവകാശപ്പെട്ടു, കുറച്ചുദിവസത്തെ ഭരണം കൊണ്ട് അഴിമതി കുറയ്ക്കാൻ തങ്ങൾക്കു കഴിഞ്ഞുവെന്ന്. അത് നിലവിലുള്ള സംവിധാനങ്ങളും നിയമങ്ങളുമുപയോഗിച്ചാണ്. നിലവിലുള്ള പല നിയമങ്ങളും സംവിധാനങ്ങളും ശരിയായ വിധം ഉപയോഗിക്കുന്ന പക്ഷം അഴിമതി നല്ലൊരളവുവരെ തടയാനും ക്രിയാത്മകമായി ഭരിക്കാനും കഴിയും. ടി.എൻ ശേഷൻ എന്ന ഉദ്യോഗസ്ഥൻ മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണറായി വന്നതിന് ശേഷമാണ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന്‍ കാണുന്ന രീതിയില്‍ ശക്തമായ ഭരണഘടനാ സ്ഥാപനമായി മാറിയത്. നിലവിലുള്ള നിയമങ്ങളനുസരിച്ച് പ്രവർത്തിക്കാൻ തീരുമാനിക്കുക മാത്രമാണ് ശേഷൻ ചെയ്തത്. അന്ന് അദ്ദേഹം പകർന്നുകൊടുത്ത പല്ലുകൾ വലിയ തേയ്മാനമില്ലാതെ ഇപ്പോഴും അവശേഷിക്കുന്നു.

 

എന്തുതന്നെയായാലും ഈ ഘട്ടത്തിൽ മാറ്റം അനിവാര്യമാണ്. അതു സംഭവിക്കുന്നു എന്നുള്ളതിനെ ശുഭസൂചകമായി കാണാവുന്നതാണ്. വർത്തമാന കാലാവസ്ഥ ശരാശരി ജനങ്ങളെ ഒരു ഏകാധിപതിയെ സ്വീകരിക്കാൻ പാകമാക്കിയിരിക്കുന്നു എന്ന തിരിച്ചറിവും ഉണ്ടാവേണ്ടതാണ്. ഏകാധിപത്യത്തിന്റെ പ്രത്യക്ഷ ഗുണങ്ങളേക്കാൾ ഇന്ത്യയ്ക്ക് അഭികാമ്യം അന്തർലീന ഗുണങ്ങൾ അവശേഷിക്കുന്ന പരിവർത്തന സജ്ജമായ വർത്തമാനകാല ജനാധിപത്യമാണ്.ചുരുങ്ങിയ പക്ഷം പരീക്ഷണങ്ങൾക്കെങ്കിലും അത് വേദിയൊരുക്കുന്നു.

Tags