പള്ളിയും പാര്‍ട്ടിയും പശ്ചിമഘട്ടവും

Sat, 16-11-2013 10:00:00 PM ;

 

ജൈവികമായ നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട വനമേഖലയുടെ സംരക്ഷണത്തിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ക്കെതിരെ കേരളത്തില്‍ പ്രതിഷേധം ഇരമ്പുകയാണ്. മലയോര മേഖലകളില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താല്‍ തുടരുന്നു. എല്‍.ഡി.എഫ് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രതിഷേധങ്ങളാകട്ടെ അക്രമാസക്തമായാണ് തുടരുന്നത്. കണ്ണൂരില്‍ കൊട്ടിയൂരില്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെയും കോഴിക്കോട് താമരശേരിയില്‍ ആദ്യം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നേരെയും പിന്നീട് പോലീസുമായും ഗൌരവകരമായ അക്രമങ്ങള്‍ ഉണ്ടായി. താമരശേരിയില്‍ രണ്ടാം ദിവസവും അക്രമം തുടര്‍ന്നു.

 

ഈ അക്രമങ്ങളെ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കുന്ന സി.പി.ഐ.എമ്മും കത്തോലിക്കാ സഭയും മറ്റും തള്ളിപ്പറഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് പോലീസും പറയുന്നു. എന്നാല്‍, പശ്ചിമഘട്ടത്തിന് നേര്‍ക്ക് നാം പുലര്‍ത്തുന്ന സമീപനത്തിന്റെ ദൃഷ്ടാന്തമായി മാറുന്നുണ്ട് ഈ അക്രമങ്ങള്‍. കര്‍ഷകരുടെ നിലനില്‍പ്പിന്റെ പേരിലാണ് പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെങ്കിലും പാറപൊട്ടിക്കല്‍, വന്‍കിട കെട്ടിട നിര്‍മ്മാണം എന്നിവയ്ക്ക് വിരാമമിടുന്നതാണ് ഈ അക്രമങ്ങള്‍ക്ക് പ്രേരകമാകുന്നതെന്ന് വ്യക്തമാണ്. പരിസ്ഥിതി ചൂഷണം അവകാശമായി കാണുന്ന നിലപാടിന്റെ പ്രതിഫലനമാണ് ഈ അക്രമങ്ങളിലും കാണുന്നത്. ചൂഷണം തടയുന്നതിനുള്ള ഏതൊരു ശ്രമവും ആദ്യം എതിര്‍ക്കപ്പെടുക അക്രമത്തിലൂടെയാകും. പരിസ്ഥിതിയില്‍ തന്നെ അക്രമം കാണിക്കുന്നവര്‍ക്ക് മറ്റൊരു ഭാഷ സാധ്യവുമല്ല.

 

ഈ അക്രമങ്ങളേയും നിസ്സാരവല്‍ക്കരിക്കുന്നതാണ് കത്തോലിക്കാ സഭയും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഈ വിഷയത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍. സഭ പുറത്തിറക്കുന്ന ഇടയലേഖനങ്ങളും മെത്രാന്മാരടക്കമുള്ളവരുടെ പരസ്യ പ്രസ്താവനകളും വിനിമയം ചെയ്യുന്ന സന്ദേശം ശുഭ്രവസ്ത്രധാരികളായ പുരോഹിതരില്‍ നിന്ന്‍ പ്രസരിക്കേണ്ട ശാന്തിയുടേയും സമാധാനത്തിന്റേയുമല്ല. സാമൂഹ്യപ്രശ്നങ്ങളില്‍ മതത്തിന് എത്രമാത്രം ചൈതന്യവത്തായി ഇടപെടാമെന്ന് കത്തോലിക്കാ സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ തുടര്‍ച്ചയായി തെളിയിച്ചുകൊണ്ടിരിക്കേ, ആ ആത്മീയനേതാവിന്റെ അനുയായിവൃന്ദം ഇന്നും വിമോചന സമരത്തിന്റേതായ ഭൂതകാലത്തില്‍ നിന്ന്‍ പുറത്തുവന്നിട്ടില്ല എന്നത് ഖേദകരമാണ്. ഗൂഡമായ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളുടെ വക്താക്കളായി യാഥാര്‍ഥ്യങ്ങള്‍ മറച്ചുവെച്ചുകൊണ്ട് സഭാനേതാക്കള്‍ രംഗത്ത്‌ വരുന്നത് അതിലേറെ നിരാശാജനകവും.

 

കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാകട്ടെ, തങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതായി സ്വയം പ്രഖ്യാപിക്കുന്ന പ്രത്യയശാസ്ത്രം പോലും ഈ പ്രശ്നത്തില്‍ ഒരു ബാധ്യതയായി തോന്നുന്നില്ല. കേന്ദ്രസര്‍ക്കാര്‍ നവംബര്‍ 13-ന് പുറപ്പെടുവിച്ച നിര്‍ദ്ദേശങ്ങള്‍ തടയുന്നത് മേഖലയിലെ വന്‍കിട നിര്‍മ്മാണങ്ങളെയാണ്. 20,000 ചതുരശ്ര മീറ്ററില്‍ അധികമുള്ള കെട്ടിടങ്ങളും 50 ഹെക്ടറില്‍ അധികം വരുന്ന പ്രദേശത്തോ ഒന്നര ലക്ഷം ചതുരശ്ര മീറ്ററില്‍ അധികം കെട്ടിടനിര്‍മ്മാണം ആവശ്യമായി വരുന്നതോ ആയ പ്രാദേശിക വികസന പ്രവര്‍ത്തനങ്ങളുമാണ് മന്ത്രാലയം നിരോധിക്കുന്നത്. പശ്ചിമഘട്ട സംരക്ഷണം എന്ന പ്രഖ്യാപിത ലക്ഷ്യത്തിന് ഇത് എത്രത്തോളം സഹായകമായിരിക്കും എന്നതില്‍ ഇതിനകം തന്നെ സംശയങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പരിസ്ഥിതി സംരക്ഷണം തങ്ങളുടെ രാഷ്ട്രീയ അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഒരു പാര്‍ട്ടി പശ്ചിമഘട്ടത്തേക്കാളേറെ വന്‍കിട താല്‍പ്പര്യങ്ങളെ സംരക്ഷിക്കുന്നു എന്നാരോപണമുയര്‍ത്തിയായിരുന്നു കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കേണ്ടത്. ഒപ്പം, ജനകീയാസൂത്രണ പദ്ധതിയിലൂടെ അധികാര വികേന്ദ്രീകരണത്തിന് തുടക്കം കുറിച്ചു എന്ന നേട്ടം അവകാശപ്പെടുന്ന പാര്‍ട്ടി തങ്ങളുടെ റിപ്പോര്‍ട്ട് പ്രാദേശിക ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്ത് ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്ത് നടപ്പിലാക്കാന്‍ ആവശ്യപ്പെട്ട, വികസന പദ്ധതികളുടെ അനുമതിയ്ക്ക് ഗ്രാമസഭകളുടെ അംഗീകാരം നിര്‍ബന്ധമാക്കണമെന്നാവശ്യപ്പെട്ട ഗാഡ്ഗില്‍ കമ്മിറ്റിയെ അനുകൂലിക്കുകയായിരുന്നു വേണ്ടത്. ചുരുങ്ങിയ പക്ഷം ജനാധിപത്യപരമായ രീതിയില്‍ ആ റിപ്പോര്‍ട്ടിനോട് സംവദിക്കുകയെങ്കിലും ചെയ്യാമായിരുന്നു.

 

കേരളത്തിന്റെ പരിസ്ഥിതി വിഷയങ്ങളില്‍ ചൂഷണാനുകൂലമായ നിലപാടുകള്‍ ആദ്യമായല്ല കമ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിക്കുന്നത്. അതിന്റെ ദുരന്തഫലം കേരളത്തിലെ കൃഷിയും പരിസ്ഥിതിയും അനുഭവിച്ചിട്ടുണ്ട്. ഉല്‍പ്പാദന വ്യവസ്ഥയെ തൊഴിലാളിയിലേക്ക് ചുരുക്കി കാര്‍ഷിക മേഖലയിലെ യന്ത്രവല്‍ക്കരണത്തെ എതിര്‍ത്തത് അതിന്റെ ഉദാഹരണമാണ്. പിന്നീട് നെല്‍വയല്‍ നികത്തലിനെതിരെ സമരം നടത്തുകയും നിയമം കൊണ്ടുവരികയുമെല്ലാം ചെയ്തെങ്കിലും നെല്‍കൃഷിയില്‍ നിന്ന് കര്‍ഷകരുടെ പിന്മാറ്റത്തിന് തിരികൊളുത്തിയതില്‍ ഈ എതിര്‍പ്പ് ഒരു കാരണമാണെന്ന് പറയാതെ വയ്യ. തെറ്റുകള്‍ ചരിത്രപരമായി അംഗീകരിക്കുന്നത് തങ്ങളുടെ സവിശേഷതയായി കമ്യൂണിസ്റ്റ് പാര്‍ട്ടി എടുത്തുപറയാറുണ്ട്. എന്നാല്‍, ഹിമാലയന്‍ തെറ്റുകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന തെറ്റുകള്‍ ആവര്‍ത്തിക്കുന്നത് ആര്‍ക്കും ഭൂഷണമല്ല. സങ്കുചിതമായ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയോ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വേണ്ടിയോ പാര്‍ട്ടി ഇപ്പോള്‍ സ്വീകരിക്കുന്ന ഈ തെറ്റായ നിലപാട് കേരളത്തിന്റെ പ്രകൃതിയെ വീണ്ടെടുപ്പില്ലാത്ത നാശങ്ങളിലേക്ക് നയിക്കാവുന്നതാണ്.

Tags: