Skip to main content

chief minister Oommen Chandyസ്ത്രീവിഷയം, ഉപജാപം, അഴിമതി, അധികാരം പിടിക്കാനും നിലനിര്‍ത്താനുമുള്ള തന്ത്രങ്ങള്‍, കുതന്ത്രങ്ങള്‍ എന്നീ വിഷയങ്ങളില്‍ അകപ്പെട്ടിരിക്കുകയാണ് ഏറെ നാളായി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് മന്ത്രിസഭ. കഴിഞ്ഞ നിയമസഭാ സമ്മേളനം യാമിനി തങ്കച്ചിയില്‍ തട്ടിയായിരുന്നു അലങ്കോലപ്പെട്ടതെങ്കില്‍ ഇക്കുറി സമ്മേളനം അലസുന്നത് തട്ടിപ്പുകേസ്സില്‍ അറസ്റ്റിലായ സരിതാനായരെ ചുറ്റിപ്പറ്റിയുള്ള കഥകളിലും കെട്ടുകഥകളിലും പിണഞ്ഞുകൊണ്ടാണ്. സീരിയലുകളെ വെല്ലുന്ന വിധമാണ് ഓരോ ദിവസവും പുതിയ എപ്പിസോഡുകള്‍ പിറവികൊള്ളുന്നത്.
 

നേരിയ ഭൂരിപക്ഷമുള്ള ഉമ്മന്‍ചാണ്ടി മന്ത്രിസഭ നേരിടുന്ന വെല്ലുവിളികള്‍ പ്രതിപക്ഷത്തിന്റ ഭാഗത്തുനിന്നല്ല. എല്ലാം ഉള്ളില്‍ നിന്നാണ്. സര്‍ക്കാറിന്റെ ഭാഗമായ ചീഫ് വിപ്പ് പി.സി. ജോര്‍ജ് ഉന്നയിക്കുന്ന വിഷയങ്ങള്‍ മന്ത്രിമാരുള്‍പ്പടെ നിഷേധിക്കുന്നു. മുഖ്യമന്ത്രി രണ്ടും നിരസിക്കുകയോ ശരിവയ്ക്കുകയോ ചെയ്യാത്ത നിലപാടെടുക്കുന്നു. ഒരുകാര്യം സാധാരണയുക്തിയില്‍ ആര്‍ക്കും മനസ്സിലാകുന്നു. ഈ രണ്ടു ഭാഗവും ഒരേ സമയം ശരിയും തെറ്റുമാകാനിടയില്ല. അതേ സമയം പുറത്തുവന്നുകൊണ്ടിരിക്കുന്ന വെളിപ്പെടുത്തലുകളും മറ്റും ആരോപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കാന്‍ പ്രേരിപ്പിക്കും വിധമുള്ളതാണ്.
 

ഇപ്പോഴത്തെ അവസ്ഥയിലേക്ക് സാഹചര്യങ്ങള്‍ ഉരുണ്ടുകൂടാന്‍ പ്രധാനമായും കാരണമായിട്ടുള്ളത് മുഖ്യമന്ത്രിയുടെ നിലപാടുകളാണ്. ഔദ്യോഗികവസതി മുതലിങ്ങോട്ട് എല്ലാ സര്‍ക്കാര്‍ സംവിധാനങ്ങളും സ്വീകരിച്ച് അവ ഉപയോഗിക്കുന്ന മുഖ്യമന്ത്രി എന്തുകൊണ്ട് സ്വന്തമായി മൊബൈല്‍ ഫോണ്‍ വേണ്ട എന്നു തീരുമാനിച്ചു?  ആ തീരുമാനത്തിലേക്ക് അദ്ദേഹത്തെ നയിച്ച കാരണങ്ങള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. എല്ലാ സംവിധാനങ്ങളും ഒരു ഭരണാധികാരിക്ക് ലഭ്യമാവേണ്ടതുണ്ട്. കാരണം അദ്ദേഹത്തിന് ഭരണം നിര്‍വഹിക്കുന്നതിന് ഒരു രീതിയിലുള്ള അസൗകര്യങ്ങളും ഉണ്ടാകാന്‍ പാടില്ല. സ്വച്ഛന്ദമായ മനസ്സോടെ തീരുമാനങ്ങള്‍ എടുക്കേണ്ടവരാണ് ഭരണാധികാരികള്‍. ആ തീരുമാനങ്ങളാണ് ഒരു ജനതയുടേയും ആ ജനതയുടെ ഭാവിതലമുറയുടേയും ഗതി നിശ്ചയിക്കുന്നത്. അവിടെയാണ് ഈ സൗകര്യങ്ങളൊക്കെ പ്രസക്തമാകുന്നത്. അല്ലാതെ പത്രാസ്സനുഭവിക്കാനല്ല ഈ സംവിധാനങ്ങള്‍. പത്രാസിന്റെ ഭാഗവുമല്ല. അങ്ങനെയാകാന്‍ പാടുള്ളതുമല്ല. പൈങ്കിളി മാധ്യമപ്രവര്‍ത്തനത്തിന്റെ ഫലമായി അങ്ങനെയൊരു ധാരണ സാധാരണജനത്തിനും അതുപയോഗിക്കുന്നവര്‍ക്കും വന്നിട്ടുണ്ട് എന്നുള്ളതും യാഥാര്‍ഥ്യം തന്നെയെങ്കിലും.
 

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇതുവരെ കേരളം ഭരിച്ച മുഖ്യമന്ത്രിമാരില്‍ നിന്നും പ്രകടമായി വ്യത്യസ്തനാകുന്നത് അദ്ദേഹം ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന രീതിയിലാണ്. അതിന്റെ ഭാഗമായി പലപ്പോഴും പൊതുവേദികളിലും മറ്റും മിക്കപ്പോഴും അദ്ദേഹം മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും കാണാവുന്നതാണ്. ഇത്രയധികം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന മുഖ്യമന്ത്രി മറ്റൊരാളുടെ ഫോണാണ് ഉപയോഗിക്കുന്നതെങ്കല്‍ അത് ദുരുപയോഗമാണ്. മുഖ്യമന്ത്രി സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് ദുരുപയോഗത്തേക്കാളുപരി ഇന്നത്തെ സാഹചര്യത്തില്‍ അങ്ങേയറ്റം അനൗചിത്യവുമാണ് . കാരണം രാജ്യം മൊബൈല്‍ ഗവേര്‍ണന്‍സിലേക്കു പ്രവേശിച്ചുകൊണ്ടിരിക്കുന്നു. സംസ്ഥാനസര്‍ക്കാര്‍പോലും ചില മേഖലകളില്‍ മൊബൈല്‍ ഗവേര്‍ണന്‍സ് ഏര്‍പ്പെടുത്തിത്തുടങ്ങി. ആ നിലയ്ക്ക് ഔദ്യോഗിക സംവിധാനം എന്ന നിലയിലും മുഖ്യമന്ത്രി സ്വന്തമായി ഔദ്യോഗിക മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടതാണ്. അത്യാവശ്യകാര്യത്തിന് മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ മറ്റ് മന്ത്രിമാരും, ചീഫ് സെക്രട്ടറിയുള്‍പ്പടെയുള്ള ഉദ്യോഗസ്ഥമേധാവികളുമൊക്കെ ഇതുവരെ യാത്രാവേളയില്‍ അദ്ദേഹത്തെ ബന്ധപ്പെട്ടത് എങ്ങിനെയാണെന്ന് ആലോചിച്ചുനോക്കുമ്പോള്‍ ആ തീരുമാനത്തിന്റെ വൈകല്യവും അത്യന്താപേക്ഷിതയും പ്രകടമാകുന്നു. അതുപോലെ തന്നെ മുഖ്യമന്ത്രിയെ നേരിട്ട് ബന്ധപ്പെടേണ്ട ഒട്ടനവധി കേന്ദ്രങ്ങളുണ്ടാവും.അവര്‍ക്കൊന്നും അദ്ദേഹത്തെ ഇതുവരെ നേരിട്ട് വിളിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് അങ്ങേയറ്റം പോരായ്മ തന്നെയാണ്. യാത്രയിലായിരുന്ന മുഖ്യമന്ത്രിയെ  എന്തെങ്കിലും അത്യാവശ്യത്തിന് പ്രധാനമന്ത്രിക്കോ കേന്ദ്ര ആഭ്യന്തരമന്ത്രിക്കോ എന്തിന് സംസ്ഥാന ഗവര്‍ണര്‍ക്കോ വിളിക്കണമെങ്കില്‍പ്പോലും പേഴ്‌സണല്‍ സ്റ്റാഫിന്റെ ഫോണില്‍ വിളിക്കണമെന്നത് ഔചിത്യവുമല്ല, ഭൂഷണവുമല്ല. ആ തീരുമാനം തന്നെയാണ് ഇപ്പോഴത്തെ അവസ്ഥയില്‍ അദ്ദേഹത്തെ സംശയത്തിന്റെ നിഴലില്‍ അകപ്പെടുത്തിയിരിക്കുന്നത്. പേഴ്‌സണല്‍ സ്റ്റാഫിനെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മാറ്റിയെങ്കിലും സ്വാഭാവികമായും ആരോപിക്കപ്പെട്ട  കുറ്റം അപ്പാടെ അവര്‍ക്കുമേല്‍ മാത്രമായി ഒതുങ്ങുന്നില്ല. സുതാര്യതയുടെ പേരില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന മുഖ്യമന്ത്രി സാങ്കേതിക ഉറപ്പുവരുത്തുന്ന സുതാര്യതയില്‍നിന്ന് ഒഴിഞ്ഞുമാറുന്ന ചിത്രമാണ് വ്യക്തമാകുന്നത്.
 

ഇപ്പോഴത്തെ സാഹചര്യങ്ങളിലേക്ക് നയിച്ച സംഭവവികാസങ്ങള്‍ക്ക് ആധാരമായ വിവരങ്ങളും വസ്തുകളും ആരൊക്കെയോ കൃത്യമായി മാധ്യമങ്ങള്‍ക്കും നിര്‍ണ്ണായക വ്യക്തികള്‍ക്കും എത്തിച്ചുകൊടുക്കുന്നുണ്ട്. അല്ലാതെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറത്തുവരുന്നതല്ല അവയൊക്കെ. ഒരു കാര്യം ഇവിടെ ഒരിക്കല്‍കൂടി ഓര്‍ക്കേണ്ടതുണ്ട്. നെല്ലിയാമ്പതിവിഷയത്തില്‍ അന്ന് മന്ത്രിയായിരുന്ന കെ.ബി.ഗണേഷ്‌കുമാര്‍ തനിക്ക് അനുകൂലമായ നിലപാടെടുത്തിരുന്നെങ്കില്‍ പി.സി. ജോര്‍ജ് ചാനലുകളിലൂടെ പുറത്തുവിട്ടുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ പുറത്തുവരുമായിരുന്നോ? ആ വിഷയം ഉണ്ടാവുന്നിടം വരെ ഗണേഷ്‌കുമാറിന്റെ ഉറ്റ സുഹൃത്തായിരുന്നു ജോര്‍ജ്. ഇപ്പോള്‍ അദ്ദേഹം ഉന്നയിക്കുന്ന ആരോപണങ്ങള്‍ മുന്‍പേ അദ്ദേഹത്തിനറിയാമായിരുന്നു എന്നുമാണ് അദ്ദേഹം വെളിപ്പെടുത്തുന്നത്. നെല്ലിയാമ്പതി വിഷയം ചൂടുപിടിച്ചപ്പോള്‍ ഇവയോക്കെ വെളിപ്പെടുത്താന്‍ താന്‍ പ്രേരിതനാകുമെന്ന് അദ്ദേഹം ഭീഷണിയും മുഴക്കിയിരുന്നു. അരോചകമായ ഭാഷയിലൂടെ ഇപ്പോള്‍ ഗണേഷ്‌കുമാറിന്റെ അവിഹിതബന്ധങ്ങളുടെ കഥകളുടെ ചുരുളഴിക്കുന്ന അദ്ദേഹം അങ്ങിനെ ചെയ്യുന്നത് ജനാധിപത്യത്തിനോടും ധാര്‍മികതയോടുമുള്ള കൂറുകൊണ്ടാണോ അതോ നെല്ലിയാമ്പതിവിഷയത്തില്‍ തമ്മില്‍ തെറ്റിപ്പിരിഞ്ഞതുകൊണ്ടാണോ?

 

സംസ്ഥാനമന്ത്രിസഭ ഇന്നകപ്പെട്ടിരിക്കുന്ന അവസ്ഥ എല്ലാറ്റിനേക്കാളുമുപരി സാംസ്‌കാരികമായ വിഷമയമായി മാറിയിരിക്കുന്നു. കുട്ടികളുള്‍പ്പടെ സ്വീകരണമുറിയിലൂടെ കേള്‍ക്കുകയും കാണുകയും ചെയ്യുന്ന സംഗതികള്‍ വൈകാരിക -ചിന്താ തലത്തില്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അനഭിലഷണീയ അനുരണനങ്ങള്‍ അത്രയ്ക്ക് വലുതാണ്. ജനാധിപത്യം, സഭ്യത, ഔചിത്യങ്ങള്‍, പരസ്പരബഹുമാനം, നീതി, നിയമം, മാധ്യമപ്രവര്‍ത്തനം, ഉത്തരവാദിത്വം, വിശ്വാസ്യത, കുടുംബബന്ധങ്ങള്‍, സ്ത്രീ-പുരുഷബന്ധം, കലയും വ്യക്തികളും തുടങ്ങി വ്യക്തിയേയും സമൂഹത്തേയും ബാധിക്കുന്ന അനവധി വിഷയങ്ങളിലൂടെയാണ് ഇവ കടന്നുപോകുന്നത്. ഈ ഗതിയിലേക്ക് സംഗതികളെത്തിയതിന്റെ ഉത്തരവാദിത്വം മറ്റാരേക്കാളും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കു തന്നെയാണ്. പ്രയോഗത്തില്‍ അദ്ദേഹത്തിന്റെ നിലപാട് ഈ സാഹചര്യസൃഷ്ടികള്‍ക്കെല്ലാമുള്ള അംഗീകാരമായി മാറുന്നു.