സോളാര്‍ കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് മാറ്റം. ജസ്റ്റീസുമാരായ എസ്.എസ്.സതീശ് ചന്ദ്രൻ, വി.കെ.മോഹനൻ എന്നിവരുടെ പരിഗണനാ വിഷയങ്ങളിൽ നിന്നാണ് സോളാർ കേസ് മാറ്റിയത്. ഇനി മുതൽ സോളാർ കേസിലെ ക്രിമിനൽ ഹർജികൾ ജസ്റ്റീസ് ഹാരൂൺ റഷീദും ജാമ്യ ഹർജികൾ തോമസ് ടി.ജോസഫും പരിഗണിക്കും. ഓണാവധിക്കു ശേഷം തിങ്കളാഴ്ച മുതലാണ് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ ചീഫ് ജസ്റ്റിസ് മാറ്റം വരുത്തിയത്.
ജസ്റ്റിസ് സതീഷ് ചന്ദ്രനായിരുന്നു ഇതുവരെ ജാമ്യാപേക്ഷകള്‍ പരിഗണിച്ചിരുന്നത്. ക്രിമിനല്‍ കേസുമായി ബന്ധപ്പെട്ട മറ്റു ഹര്‍ജികള്‍ പരിഗണിച്ചിരുന്നത് ജസ്റ്റിസ് വി.കെ മോഹനന്‍ ആയിരുന്നു. സോളാര്‍ കേസില്‍ ഉള്‍പ്പെട്ട ശാലുവിന്റെയും, ടെന്നി ജോപ്പന്റെയും, ഫിറോസിന്റെയും ജാമ്യാപേക്ഷയില്‍ വാദം കേട്ട് തീര്‍പ്പ് കല്‍പ്പിച്ചത് ജസ്റ്റിസ് സതീഷ് ചന്ദ്രനായിരുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസുമാരായ സതീഷ് ചന്ദ്രനും മോഹനനും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്ന നിരീക്ഷണങ്ങള്‍ നടത്തിയിരുന്നു.
അതേസമയം ജസ്റ്റിസുമാരെ മാറ്റിയ നടപടിയില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആരോപിച്ചു. കേസുകള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ എ.ജിയുടെ സഹായത്തോടെ നീതിപീഠത്തെ സ്വാധീനിച്ചുവെന്ന ആക്ഷേപം ഇപ്പോള്‍ സത്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നീതിന്യായവ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുമെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.