കൊച്ചി അന്താരാഷ്ട്രവിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ നിന്നും തെന്നിമാറിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ അധികൃതര്‍. കനത്ത മഴ പൈലറ്റിന്റെ കാഴ്ച മറച്ചതാണ് അപകടത്തിന് കാരണമായത്. യാത്രക്കാരുടെ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു. പുലര്‍ച്ച രണ്ടരയോടെയായിരുന്നു സംഭവം. അബുദാബിയില്‍ നിന്ന് കൊച്ചിയിലെത്തിയ അബുദാബി കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 452 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 102 യാത്രക്കാരാണ് അപകട സമയത്തുണ്ടായിരുന്നത്, ഇവരെയെല്ലാം സുരക്ഷിതരാണ്.
ലാന്‍ഡിങിനു ശേഷം പാര്‍ക്കിങിലേക്ക് പോകുന്നതിനിടെ വിമാനം ഓടയിലേക്ക് തെന്നിമാറുകയായിരുന്നു. ലാന്‍ഡിങ് സമയത്ത് ചാറ്റല്‍മഴ ഉണ്ടായിരുന്നു. മഴ കാരണം പൈലറ്റിന് കാഴ്ച മറഞ്ഞതാണ് അപകടത്തിനു കാരണമെന്നാണ് വിവരം. സംഭവത്തില്‍ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അന്വേഷണം ആരംഭിച്ചു. സുരക്ഷിതമായിട്ടായിരുന്നു വിമാനം ലാന്‍ഡ് ചെയ്തതെന്നും അതിനു പിന്നാലെ വിമാനം കുത്തനെ പതിക്കുന്നത് പോലെ അനുഭവപ്പെട്ടതായി യാത്രക്കാര്‍ പറഞ്ഞു. ഉടന്‍ തന്നെ രക്ഷാ പ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെത്തിക്കുകയായിരുന്നു. . സംഭവത്തില്‍ പൈലറ്റിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കും.

