Skip to main content
തിരുവനന്തപുരം

 

ബജറ്റ് അവതരണ ദിനത്തില്‍ നിയമസഭയില്‍ നടന്ന പ്രതിഷേധത്തില്‍ സ്പീക്കറുടെ ഡയസ് തകര്‍ത്തതുമായി ബന്ധപ്പെട്ട പരാതിയില്‍ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് എടുത്ത കേസ് അന്വേഷിച്ചുവന്നത് കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മിഷണർ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തിട്ടുള്ളത്.

 

അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സംഘം നിയമസഭയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. നിയമസഭാ സെക്രട്ടറി, ജീവനക്കാര്‍, വാച്ച് ആന്‍ഡ് വാര്‍ഡ് എന്നിവരടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തുകയും ബജറ്റ് ദിവസത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തിരുന്നു.

 

പോലീസില്‍ നിയമസഭാ സെക്രട്ടറി നല്‍കിയ പരാതിയില്‍ ആരുടേയും പേര് രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍, സഭയിലെ അക്രവുമായി ബന്ധപ്പെട്ട് ഇ.പി ജയരാജൻ, വി.ശിവൻകുട്ടി, കെ.ടി ജലീൽ, കുഞ്ഞമ്മദ് മാസ്റ്റർ, കെ.അജിത്ത് എന്നിവരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തിരുന്നു.

 

അതിനിടെ, സംഘര്‍ഷത്തിനിടയില്‍ ലൈംഗിക അതിക്രമത്തിന് ഇരയായെന്ന പ്രതിപക്ഷത്തെ വനിതാ എം.എല്‍.എമാരുടെ പരാതിയില്‍ പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ്.