പാമോലിന്‍ അഴിമതിക്കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യവുമായി സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി വ്യാഴാഴ്ച തള്ളി. വിജിലന്‍സ് കോടതി വിധി ശരിവെച്ചുകൊണ്ടാണ് സര്‍ക്കാറിന്റെ അപ്പീല്‍ കോടതി തള്ളിയത്. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍, വി.എസ് സുനില്‍ കുമാര്‍ എം.എല്‍.എ എന്നിവര്‍ കേസില്‍ കക്ഷി ചേരുന്നതിനെ എതിര്‍ത്ത സര്‍ക്കാറിന്റെ നിലപാടും കോടതി നിരാകരിച്ചു.
കേസില്‍ വിചാരണ തുടരണമെന്നും വിചാരണയിലൂടെ മാത്രമേ സത്യം പുറത്തുവരൂ എന്നും കോടതി പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള തീരുമാനം പൊതുതാല്‍പ്പര്യത്തിന് വിരുദ്ധമാണെന്നും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് സര്‍ക്കാറിന്റേത് എന്നും കോടതി കുറ്റപ്പെടുത്തി. ഇത് നിയമവാഴ്ചയെ അട്ടിമറിക്കുന്നതിന് തുല്യമാണെന്നും കോടതി പറഞ്ഞു. ഉത്തമവിശ്വാസത്തോടെയല്ല കേസ് പിന്‍വലിക്കാന്‍ പ്രോസിക്യൂട്ടര്‍ ആവശ്യപ്പെടുന്നതെന്നും കോടതി കുറ്റപ്പെടുത്തി.
തനിക്കെതിരെയുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്ന്‍ ആവശ്യപ്പെട്ട് കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളി. കേസിന്റെ വിചാരണയിലാണ് ഒരാള്‍ നിരപരാധിയാണോ എന്ന്‍ തെളിയേണ്ടത്. പ്രതികളുടെ നടപടികളും ഈ കേസില്‍ വിചാരണ വൈകുന്നതിന് കാരണമാകുന്നുണ്ടെന്ന് കോടതി പറഞ്ഞു. ജിജി തോംസണെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. വിവാദമായ പാമോലിന്‍ എണ്ണ ഇറക്കുമതി നടന്ന സമയത്ത് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു ജിജി തോംസണ്‍.
1991-92 കാലത്ത് കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ യു.ഡി.എഫ് സര്‍ക്കാര്‍ അനധികൃത നടപടികളിലൂടെ പാമോലിന്‍ എണ്ണ ഇറക്കുമതി ചെയ്തതിലൂടെ ഖജനാവിന് നഷ്ടമുണ്ടായി എന്നതാണ് കേസ്. കരുണാകരനും മറ്റ് ആറു പേര്‍ക്കുമെതിരെ 1997 മാര്‍ച്ച് 21-ന് വിജിലന്‍സ് കേസെടുത്തു. എന്നാല്‍, തുടര്‍ച്ചയായ അപ്പീലുകളിലൂടെ കരുണാകരന്‍ വിചാരണ നടപടികള്‍ക്ക് സ്റ്റേ നേടുകയായിരുന്നു. അപ്പീല്‍ സുപ്രീം കോടതിയില്‍ നിലനില്‍ക്കവേ ആണ് 2010 ഡിസംബറില്‍ കരുണാകരന്‍ അന്തരിച്ചത്.
2011-ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ കേസ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, ഇത് വിജിലന്‍സ് കോടതി അംഗീകരിച്ചില്ല. ഈ വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. സംഭവം നടക്കുന്ന സമയത്ത് ധനകാര്യ വകുപ്പ് മന്ത്രിയായിരുന്നു ഉമ്മന്‍ ചാണ്ടി. കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം ആവശ്യമുയര്‍ത്തിയതിനെ തുടര്‍ന്ന്‍ വിജിലന്‍സ് വകുപ്പ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞിരുന്നു.