Skip to main content

മുസ്ലിംലീഗ് ദേശീയ പ്രസിഡന്‍റും മുന്‍ കേന്ദ്രമന്ത്രിയും എം.പിയുമായ ഇ. അഹമ്മദിന്‍റെ മരണ വിവരം മറച്ചുവെച്ചെന്ന ആരോപണത്തിൽ പാര്‍ലമെന്റില്‍ പ്രതിപക്ഷ ബഹളം. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ബഹളത്തെത്തുടര്‍ന്ന് ലോക്‌സഭ 12 മണിവരെ നിര്‍ത്തിവെച്ചു.

 

ആര്‍.എം.എല്‍. ആശുപത്രി അധികൃതര്‍ ഇ.അഹമ്മദിന്റെ മരണം മറച്ചുവെച്ചെന്ന് ആരോപിച്ച് ലോക്‌സഭയില്‍ ആര്‍.എസ്.പി അംഗം എന്‍.കെ പ്രേമചന്ദ്രനും രാജ്യസഭയില്‍ സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമാണ് നോട്ടീസ് നല്‍കിയത്. ഇ അഹമ്മദിന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്നും കുടുംബാംഗങ്ങളെപ്പോലും കാണിക്കാന്‍ കൂട്ടാക്കിയില്ലെന്നും ഇത് ചര്‍ച്ച ചെയ്യണമെന്നുമാണ് ആവശ്യം.

 

ചോദ്യോത്തരവേള കഴിഞ്ഞ് ചര്‍ച്ച ചെയ്യാമെന്ന് ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ അറിയിച്ചുവെങ്കിലും പ്രതിപക്ഷം ഇത് അംഗീകരിച്ചില്ല. ഇതേത്തുടര്‍ന്ന് സഭ 12 മണിവരെ നിര്‍ത്തിവെക്കുകയാണെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു.

 

ബജറ്റ് അവതരണ തലേന്ന് പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ അഹമ്മദിന്റെ മരണവിവരം ബജറ്റ് അവതരണം മുടങ്ങരുതെന്നു കരുതി കേന്ദ്രസര്‍ക്കാര്‍ മറച്ചുവെക്കുകയായിരുന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു.