Skip to main content

നടന്‍ കലാഭവൻ മണിയുടെ മരണകാരണം ഇതുവരെ കണ്ടെത്താനായില്ലെന്ന് സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷനിൽ റിപ്പോർട്ട് നൽകി. കേസിൽ സി.ബി.ഐ. അന്വേഷണത്തിന് കഴിഞ്ഞ ജൂണ്‍ 10ന് വിജ്ഞാപനം ഇറങ്ങിയതായും റിപ്പോര്‍ട്ടില്‍ പറഞ്ഞു. സംഭവദിവസം മണിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കളെ നുണപരിശോധനയ്ക്ക് വിധേയരാക്കുമെന്നും അറിയിച്ചിട്ടുണ്ട്. കേസിൽ അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി മണിയുടെ സഹോദരൻ ആർ.എല്‍.വി രാമകൃഷ്ണനാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

 

ആത്മഹത്യ, കൊലപാതകം, രാസപദാർഥം ഉള്ളിൽച്ചെന്നുള്ള സ്വാഭാവിക മരണം എന്നിങ്ങനെ മൂന്നു സാധ്യതകളെക്കുറിച്ചാണ് പൊലീസ് അന്വേഷിച്ചത്. 290-ലേറെ സാക്ഷികളുടെ മൊഴിയെടുത്തു. നിരവധി സാങ്കേതിക തെളിവുകൾ ശേഖരിച്ചു. എന്നാല്‍. ഇതില്‍ നിന്നൊന്നും മരണകാരണം സ്ഥിരീകരിക്കാനാവശ്യമായ ശാസ്ത്രീയ തെളിവുകൾ ലഭിച്ചില്ലെന്ന് തൃശൂരില്‍ നടന്ന മനുഷ്യാവകാശ കമീഷന്‍ സിറ്റിങ്ങില്‍ ആഭ്യന്തര സെക്രട്ടറിക്കു വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

 

നേരത്തെ ഡി.ജി.പി സമർപ്പിച്ച ഒറ്റവരി റിപ്പോർട്ട് മനുഷ്യാവകാശ കമ്മീഷൻ തള്ളിയിരുന്നു.