Skip to main content

അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‍ അടച്ച കേരള ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്‌ ടി.എസ് താക്കൂര്‍ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. കേരള പത്രപ്രവർത്തക യൂണിയൻ ഭാരവാഹികളുടെ നിവേദനം പരിഗണിച്ചാണ് നടപടി. കേരളത്തിലെ സംഭവവികാസങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച ചീഫ് ജസ്റ്റിസ് വിഷയം  അന്വേഷിക്കാന് ആക്ടിംഗ് ചീഫ് ജസ്റ്റിസിനേയും സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫിനേയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

 

ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മീഡിയാ റൂം അടച്ചിടാന്‍ ജഡ്ജിമാരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന അഭിഭാഷക അസോസിയേഷന്‍ യോഗം തീരുമാനിച്ചിരുന്നു. അനിഷ്ടസംഭവങ്ങള്‍ അന്വേഷിക്കാന്‍ അഭിഭാഷകരും ജഡ്ജിമാരും‍ ഉള്‍പ്പെട്ട ആറംഗസമിതിയും രൂപീകരിച്ചിട്ടുണ്ട്.

 

പൊതുസ്ഥലത്തു വെച്ച് രാത്രി സ്ത്രീയോടു അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തില്‍ ഗവ. പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാനെതിരെ കേസാണ് പ്രശ്നങ്ങളുടെ തുടക്കം. മാദ്ധ്യമവാര്‍ത്തകളെ സംബന്ധിച്ച് ഹൈക്കോടതി റിപ്പോര്‍ട്ടര്‍മാരെ അഭിഭാഷകര്‍ ചോദ്യം ചെയ്യുകയും തുടര്‍ന്ന്‍ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം ഉണ്ടാകുകയും ചെയ്തു.