Skip to main content

sreerakrishnan പതിനാലാമത് കേരള നിയമസഭയുടെ സ്പീക്കര്‍ ആയി പി. ശ്രീരാമകൃഷ്ണനെ വെള്ളിയാഴ്ച തിരഞ്ഞെടുത്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ ശ്രീരാമകൃഷ്ണന് 92 വോട്ട് ലഭിച്ചപ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി വി.പി സജീന്ദ്രന് 46 വോട്ട് ലഭിച്ചു. പൊന്നാനി എം.എല്‍.എയാണ് സി.പി.ഐ.എം പ്രതിനിധിയായ ശ്രീരാമകൃഷ്ണന്‍.

 

47 അംഗങ്ങളുള്ള യു.ഡി.എഫിലെ ഒരു വോട്ടു ചോര്‍ന്നത് വിവാദത്തിന് തിരി കൊളുത്തിയിട്ടുണ്ട്. സംഭവം പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. ആരെങ്കിലും മന:പൂര്‍വ്വം മാറി ചെയ്തതാണെന്ന് കരുതുന്നില്ലെന്നും പരിചയക്കുറവ് മൂലം സംഭവിച്ചതാണെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. രഹസ്യബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ്.

 

ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ ശ്രീരാമകൃഷ്ണനാണ് വോട്ട് ചെയ്തതെന്ന് വ്യക്തമാക്കി. മുന്നണികളുടെ ഭാഗമല്ലാത്ത പി.സി. ജോര്‍ജ് വോട്ട് അസാധുവാക്കി. പ്രൊ-ടേം സ്പീക്കര്‍ സി.പി.ഐ.എമ്മിലെ എസ്. ശര്‍മ വോട്ടു ചെയ്തില്ല. 91 അംഗങ്ങളാണ് എല്‍.ഡി.എഫിന് സഭയിലുള്ളത്.

 

കേരള നിയമസഭയുടെ സ്പീക്കര്‍ പദവി വഹിക്കുന്ന ഇരുപതാമത്തെ വ്യക്തിയാണ് 48 കാരനായ പി. ശ്രീരാമകൃഷ്ണന്‍. 2011-ല്‍ പൊന്നാനിയില്‍ നിന്ന്‍ ജയിച്ച് ആദ്യമായി നിയമസഭയിലെത്തിയ അദ്ദേഹം ഈ തെരഞ്ഞെടുപ്പില്‍ മണ്ഡലം നിലനിര്‍ത്തി. 2006-11 കാലയളവില്‍ യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്.  സി.പി.ഐ.എമ്മിന്റെ യുവനേതാക്കളില്‍ മുന്‍നിരയിലുള്ള ശ്രീരാമകൃഷ്ണന്‍ ഡി.വൈ.എഫ്.ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്നു.