ലോകസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എം.പി വീരേന്ദ്രകുമാറിന്റെ തോല്‍വിക്ക് കാരണമായത് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്ന്‍ യു.ഡി.എഫ് ഉപസമിതി. ജില്ലാ കോണ്‍ഗ്രസ് സമിതി അദ്ധ്യക്ഷന്റേയും തിരഞ്ഞെടുപ്പ് സമിതി കണ്‍വീനറുടെയും ഭാഗത്തുനിന്ന് ഉത്തരവാദിത്തത്തോടെയുള്ള പ്രവര്‍ത്തനം ഉണ്ടായില്ലെന്ന് ആര്‍. ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ് ഉപസമിതി കരട് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
സമിതിയിലെ കോണ്‍ഗ്രസ് പ്രതിനിധിയും യു.ഡി.എഫ് കണ്‍വീനറുമായ പി.പി തങ്കച്ചന്റെ ആവശ്യപ്രകാരം ആരുടേയും പേരെടുത്ത് വിമര്‍ശനം നടത്തിയിട്ടില്ലെങ്കിലും ജില്ലയിലെ രണ്ട് പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ വഹിച്ച സ്ഥാനങ്ങള്‍ പരാമര്‍ശിച്ചാണ് കുറ്റപ്പെടുത്തല്‍.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കു നല്‍കിയ പണം താഴെത്തട്ടില്‍ എത്തിയില്ലെന്നും താഴെത്തട്ടില്‍ പലയിടത്തും തിരഞ്ഞെടുപ്പു കമ്മിറ്റികള്‍ ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. അഞ്ചും ആറും കമ്മിറ്റികള്‍ക്കുള്ള പണം വ്യത്യസ്ത പേരുകളില്‍ ഒരാള്‍തന്നെ വാങ്ങിയ സംഭവവും ഉണ്ടായി. അട്ടപ്പാടി ആദിവാസി മേഖലയിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിലും പാളിച്ചകള്‍ ഉണ്ടായതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.
അന്തിമ റിപ്പോര്‍ട്ട് ജനുവരി ഏഴിന് സമര്‍പ്പിക്കുമെന്ന് ആര്‍. ബാലകൃഷ്ണ പിള്ള പറഞ്ഞു. ഒരുലക്ഷത്തില്‍ പരം വോട്ടുകള്‍ക്കാണ് പാലക്കാട് ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടത്. സോഷ്യലിസ്റ്റ് ജനതയുടെ പ്രതിനിധി എം.പി വീരേന്ദ്രകുമാറായിരുന്നു സ്ഥാനാര്‍ത്ഥി.