Skip to main content
കൊച്ചി

അടച്ചുപൂട്ടിയ ബാറുകളുടെ ലൈസന്‍സ് പുതുക്കി നല്‍കാന്‍ ധനമന്ത്രി കെ.എം മാണി കോഴ ആവശ്യപ്പെട്ടുവെന്ന ആരോപണത്തില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കാന്‍ കേരള ഹൈക്കോടതി ആവശ്യപ്പെട്ടു. സി.പി.ഐ നേതാവ് വി.എസ് സുനില്‍ കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് എ എം ഷഫീക്ക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ അഡ്വക്കെറ്റ് ജനറലിന് ഈ നിര്‍ദ്ദേശം നല്‍കിയത്.

 

ഏപ്രില്‍ ഒന്നിന് നിലവാരമില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടിയ 418 ബാറുകളുടെ ലൈസന്‍സ് പുതുക്കാന്‍ ധനമന്ത്രി കെ.എം മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്നും മാണിയുടെ പാലായിലെ വസതിയില്‍ വെച്ച് ഒരു കോടി രൂപ നല്‍കിയെന്നുമാണ് ബാര്‍ ഉടമയും അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റുമായ ഡോ. ബിജു രമേശ് ആരോപിച്ചത്. ഇതില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ വിജിലൻസിന് നിര്‍ദേശം നൽകണമെന്നായിരുന്നു ഹർജിയിലെ പ്രധാന ആവശ്യം. വിജിലൻസിനു പുറമെ മന്ത്രി കെ.എം.മാണി, ബിജു രമേശ് എന്നിവരേയും ഹര്‍ജിയില്‍ എതിർ കക്ഷികളാക്കിയിട്ടുണ്ട്.

 

കേസിൽ ഇപ്പോൾ ആരോപണത്തിന്റെ നിജസ്ഥിതി പരിശോധിക്കാനുള്ള തെളിവെടുപ്പാണ് വിജിലന്‍സ് നടത്തുന്നത്. ബിജു രമേശ്‌ അടക്കമുള്ളവരില്‍ നിന്ന്‍ മൊഴിയെടുത്തിട്ടുണ്ട്. എന്നാല്‍, ഇതിനായി 45 ദിവസം അനുവദിച്ചത് നിയമപരമല്ലെന്നും ഇതുസംബന്ധിച്ച സർക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.