Skip to main content
കൊച്ചി

 

സംസ്ഥാനത്ത് ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബവ്റിജസ് കോര്‍പ്പറേഷന്റെ മദ്യവില്‍പ്പന ശാലകള്‍ മറ്റിടങ്ങളിലേക്ക് മാറ്റിസ്ഥാപിക്കണമെന്ന് ഹൈക്കോടതി. ഇതുസംബന്ധിച്ച നടപടി റിപ്പോര്‍ട്ട് മൂന്നാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ച് സംസ്ഥാന സര്‍ക്കാറിനോട് നിര്‍ദേശിച്ചു. എന്നാല്‍, പ്രധാനപാതകളിലെ മദ്യവില്‍പ്പന ശാലകള്‍ മാറ്റുന്നത് സങ്കീര്‍ണ്ണമാണെന്ന് എക്സൈസ് വകുപ്പ് മന്ത്രി കെ. ബാബു പ്രതികരിച്ചു.

 

പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ച് പ്രധാന നിരത്തുകളുടെ ഓരങ്ങളിലുള്ള മദ്യവില്‍പ്പന ശാലകള്‍ മാറ്റിസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇവിടങ്ങളിലെ തിരക്ക് പലപ്പോഴും ഗതാഗത തടസമുണ്ടാക്കുകയും അപകടത്തിന് വഴിവെക്കുകയും ചെയ്യുന്നതിലൂടെ പൊതുജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമാകുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

 

ഇത്തരം മദ്യവില്‍പ്പന ശാലകള്‍ക്ക് മുന്നില്‍ മദ്യം വാങ്ങുന്നതിന് വാഹനം നിര്‍ത്തുന്നത് ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നും പരിസരവാസികള്‍ക്കു ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും സര്‍ക്കാര്‍ നിയോഗിച്ച സി. രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലും പരാമര്‍ശിച്ചിരുന്നു. ദേശീയപാതയോരത്ത് 67-ഉം സംസ്ഥാനപാതയോരത്ത് 69-ഉം മദ്യവില്‍പ്പന ശാലകള്‍ ഉണ്ടെന്ന്‍ റിപ്പോര്‍ട്ടില്‍ കണക്കാക്കിയിട്ടുണ്ട്.