Skip to main content
തിരുവനന്തപുരം

oommen chandyമദ്യ ഉപഭോഗം കുറയ്ക്കാനുള്ള ശക്തമായ പ്രഖ്യാപനങ്ങളുമായി യു.ഡി.എഫ്. അടുത്ത ഏപ്രില്‍ ഒന്ന്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമായി ബാറുകള്‍ പരിമിതപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ വ്യാഴാഴ്ച ചേര്‍ന്ന യു.ഡി.എഫ് ഏകോപന സമിതി യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചു.

 

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളില്‍ മാത്രമേ ഇനി ബാറുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ. നിലവാരമില്ലെന്ന കാരണത്താല്‍ അടച്ചുപൂട്ടിയ 418 ബാറുകള്‍ തുറക്കില്ലെന്നും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന 312 ബാറുകള്‍ അടച്ചുപൂട്ടാന്‍ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഈ ബാറുകള്‍ അടക്കുന്നതിന്‌ നിയമതടസ്സമുണ്ടെങ്കില്‍ 2015 ഏപ്രില്‍ ഒന്നിന് ശേഷം ബാര്‍ ലൈസന്‍സ് ഇവയ്ക്ക് പുതുക്കി നല്‍കില്ലെന്ന് മുഖ്യമന്ത്രി അറിയിച്ചു.

 

ബവ്റിജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ ഓരോ വര്‍ഷവും പത്ത് ശതമാനം വെച്ച് കുറയ്ക്കും. കഴിഞ്ഞ മൂന്ന്‍ വര്‍ഷമായി പുതിയ വില്‍പ്പനശാലകള്‍ തുറന്നിട്ടില്ല. എല്ലാ ഞായറാഴ്ചകളും ഡ്രൈ ഡേ ആയി പ്രഖ്യാപിച്ച് ഈ ദിവസത്തില്‍ മദ്യവില്‍പ്പനശാലകളും ബാറുകളും അടച്ചിടാനും തീരുമാനമുണ്ട്. വീര്യം കൂടിയ മദ്യത്തിന്റെ വില്‍പ്പന കുറയ്ക്കും.

 

അടച്ചുപൂട്ടുന്ന ബാറുകളിലേയും ബവ്റിജസ് കോര്‍പ്പറേഷന്റെ വില്‍പ്പനശാലകളിലേയും ജീവനക്കാര്‍ക്ക് പ്രത്യേക പദ്ധതികള്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ബാര്‍ ജീവനക്കാര്‍ക്ക് സംരഭങ്ങള്‍ തുടങ്ങുന്നതിന് ബാങ്ക് വായ്പകളും മറ്റും ലഭ്യമാക്കാന്‍ നടപടികള്‍ എടുക്കും. കോര്‍പ്പറേഷന്‍ ജീവനക്കാരെ പുനരധിവസിക്കുന്നതിനായി വരുമാനത്തിന്റെ അഞ്ച് ശതമാനം മാറ്റിവെക്കും.

 

മദ്യത്തിന് അടിമകളായവരെ സഹായിക്കാനുള്ള പദ്ധതികളും ഒപ്പം നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. മദ്യവിരുദ്ധ പ്രചാരണത്തിന് ബവ്റിജസ് കോര്‍പ്പറേഷന്റെ വരുമാനത്തിന്റെ ഒരു ശതമാനം മാറ്റിവെക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തുന്ന ക്ലീന്‍ ക്യാമ്പസ് സേഫ് ക്യാമ്പസ് പദ്ധതി ശക്തിപ്പെടുത്തും. ഘട്ടം ഘട്ടമായി സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കാന്‍ കഴിയുന്ന അന്തരീക്ഷമാണുള്ളതെന്ന്‍ പറഞ്ഞ മുഖ്യമന്ത്രി മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും അഭ്യര്‍ഥിച്ചു.