കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ കേരളത്തിലെ അനാഥാലയങ്ങളിലേക്ക് അനധികൃതമായി കൊണ്ടുവന്ന സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. കേസില്‍ അന്വേഷണം നിലച്ചോയെന്ന്‍ ആരാഞ്ഞ ഡിവിഷന്‍ ബഞ്ച് വിഷയത്തില്‍ വെള്ളിയാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവും കോടതി ആവര്‍ത്തിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ മുക്കം, വെട്ടത്തൂര്‍ അനാഥശാലകളില്‍നിന്ന് കണ്ടെത്തിയ രേഖകള്‍ വ്യാജമാണെന്നും കുട്ടികളെ എന്തിന് കൊണ്ടു വന്നു എന്ന കാര്യം ഇപ്പോഴും ദുരൂഹമാണെന്നും അമിക്കസ് ക്യൂറി അഡ്വ. ദേവന്‍ രാമചന്ദ്രന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ബാലനീതി നിയമങ്ങള്‍ പാലിക്കാതെയാണ് കുട്ടികളെ കൊണ്ടുവന്നിരിക്കുന്നത്. കുട്ടികളെ അനുഗമിച്ചവര്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്ന് അന്വേഷിക്കണമെന്നും മറ്റൊരു ഏജന്‍സി അന്വേഷണം നടത്തുന്നതാണ് ഉചിതമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തുടര്‍ന്ന്‍, കുട്ടികളെ എന്തിന് വേണ്ടി, ആര്‍ക്കു വേണ്ടി കൊണ്ടുവന്നു എന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാറിനോട് കോടതി നിര്‍ദേശിക്കുകയായിരുന്നു. കേസില്‍ ഇപ്പോള്‍ വാര്‍ത്തകളൊന്നും കേള്‍ക്കുന്നില്ലെന്ന് വാക്കാല്‍ പരാമര്‍ശിച്ചാണ് അന്വേഷണം നിലച്ചോയെന്ന്‍ കോടതി ചോദിച്ചത്. കേസ് അന്വേഷിക്കാൻ തയ്യാറാണെന്ന് സി.ബി.ഐ ഇന്ന് കോടതിയെ അറിയിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങൾ കൂടി ഉൾപ്പെട്ട സംഭവമായതിനാല്‍ കേരളാ പൊലീസിന്റെ അന്വേഷണത്തിന് പരിമിതികൾ ഉണ്ടെന്നും സി.ബി.ഐ പറഞ്ഞു.
ആവശ്യമായ രേഖകള്‍ ഇല്ലാതെ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ രണ്ട് സംഘമായി കൊണ്ടുവന്ന അറുനൂറോളം കുട്ടികളെ മേയ് 24, 25 തിയതികളില്‍ റെയില്‍വേ പോലീസ് പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മോചിപ്പിച്ച സംഭവത്തില്‍ സന്നദ്ധ സംഘടനകളായ തമ്പ്, ഓള്‍ കേരള ആന്റി കറപ്ഷന്‍ മൂവ്‌മെന്റ് എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.