Skip to main content
തിരുവനന്തപുരം

 

റെയില്‍വേ ബജറ്റില്‍ കേരളത്തെ അവഗണിച്ചതായി കാണിച്ച് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം നിയമസഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്തു. ധനബില്ലിന്‍ മേലുള്ള ചര്‍ച്ചയ്ക്ക് ശേഷം ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് ചര്‍ച്ച തുടങ്ങിയത്. കേന്ദ്ര അവഗണനയില്‍ പ്രതിഷേധിക്കുന്ന പ്രമേയം സഭ പാസാക്കി. പാര്‍ലിമെന്റില്‍ ഈ വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ ഇന്ന്‍ സംയുക്തമായി പ്രതിഷേധം നടത്തി.

 

രാവിലെ സഭ സമ്മേളിച്ചപ്പോള്‍ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയ ശേഷം കേരളത്തിന്റെ ആവശ്യങ്ങള്‍ അറിയിച്ച സര്‍ക്കാറിന്റെ പിടിപ്പുകേടാണ് കേരളം നേരിട്ട അവഗണനയ്ക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍, ആരോപണം ശരിയല്ലെന്നും സംസ്ഥാന സര്‍ക്കാറും എം.പിമാരും ബജറ്റിന് മുന്നോടിയായി തന്നെ റെയില്‍വേ മന്ത്രി ഡി.വി സദാനന്ദ ഗൌഡയെ കണ്ട് ആവശ്യങ്ങള്‍ അറിയിച്ചിരുന്നതാണെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മറുപടി നല്‍കി. ഇത് സംബന്ധിച്ച വസ്തുത ജനങ്ങള്‍ അറിയട്ടെ എന്ന് അടിയന്തര പ്രമേയത്തിന് സന്നദ്ധത അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു.    

 

കേരളത്തിന്റെ ദീര്‍ഘകാല ആവശ്യങ്ങളൊന്നും ചൊവ്വാഴ്ച സദാനന്ദ ഗൌഡ അവതരിപ്പിച്ച മോദി സര്‍ക്കാറിന്റെ ആദ്യ റെയില്‍വേ ബജറ്റില്‍ ഇടം നേടിയിരുന്നില്ല. പുതിയ തീവണ്ടികളില്‍ ഒരു പാസഞ്ചര്‍ വണ്ടി മാത്രമാണ് കേരളത്തിന് ലഭിച്ചത്.