Skip to main content
ന്യൂഡല്‍ഹി

arjun mundaകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന്‍ രേഖകളില്ലാതെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ കേരളത്തിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവം കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അര്‍ജുന്‍ മുണ്ട ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് അയച്ച കത്തിലാണ് മുണ്ട ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഈ വിഷയത്തില്‍ കേരളത്തിലെത്തിയ ജാര്‍ഖണ്ഡ് ഉദ്യോഗസ്ഥര്‍ സംഭവം മനുഷ്യക്കടത്താണെന്ന്‍ ഞായറാഴ്ച പറഞ്ഞിരുന്നു.

 

കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്കെന്ന പേരില്‍ ബീഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന്‍ കഴിഞ്ഞയാഴ്ച 580 കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ റെയില്‍വേ പോലീസ് കേസെടുത്തിട്ടുണ്ട്. മേയ്, 24, 25 തിയതികളില്‍ രണ്ട് സംഘമായി കൊണ്ടുവന്ന കുട്ടികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് മോചിപ്പിച്ച പോലീസ് ആവശ്യമായ രേഖകള്‍ ഇല്ലാതിരുന്നതിനാല്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

 

പോലീസ് സംരക്ഷണയില്‍ കഴിയുന്ന കുട്ടികളെ സംരക്ഷിച്ച ജാര്‍ഖണ്ഡ് ലേബര്‍ എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചിരുന്നു. ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലൈംഗിക ചൂഷണത്തിനായി കടത്തുന്നതിനാണോ കുട്ടികളെ കൊണ്ടുവന്നിരിക്കുന്നതെന്ന്‍ അന്വേഷിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.