Skip to main content
വടകര

 

ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കുമെന്ന് ആര്‍.എം.പി. ടി.പി. വധവുമായി ബന്ധപ്പെട്ട ഉന്നത ഗൂഢാലോചനക്കേസ് സി.ബി.ഐ അന്വേഷിക്കില്ലെന്നും സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി ഫയാസിന് ചന്ദ്രശേഖരന്റെ വധവുമായി ബന്ധം കണ്ടെത്താനായില്ലെന്നും സി.ബി.ഐ കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തെ അറിയിച്ച സാഹചര്യത്തിലാണ് ആര്‍.എം.പിയുടെ നടപടി. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന സാഹചര്യത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് അടക്കമുള്ളവരുമായി ആര്‍.എം.പി നേതാക്കള്‍ കൂടികാഴ്ച നടത്തും.

 

ടി.പി വധകേസിലെ ഗൂഢാലോചന അന്വേഷിക്കില്ലെന്ന് നേരത്തേ തന്നെ സി.ബി.ഐ.വ്യക്തമാകിയിരുന്നു. സംസ്ഥാന പോലീസ് അന്വേഷിച്ച് കോടതി വിധി പുറപ്പെടുവിച്ച കേസില്‍ സി.ബി.ഐ. അന്വേഷണം നടത്തേണ്ട ആവശ്യമില്ല എന്നാണ് സി.ബി.ഐയുടെ നിലപാട്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ആഭ്യന്തരമന്ത്രാലയം കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് കത്തെഴുതിയിരുന്നു.

 

ഇതിന്റെ അടിസ്ഥാനത്തില്‍ ചെന്നൈയിലെ ദക്ഷിണമേഖലാ ജോയന്റ് ഡയറക്ടര്‍ എസ്. അരുണാചലത്തെ ഈ ആവശ്യം പരിശോധിക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം സമര്‍പ്പിച്ച റിപ്പോര്‍ട്ടനുസരിച്ച് സി.ബി.ഐ ഡയറക്ടറാണ് ഇക്കാര്യം അറിയിച്ചത്. ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരനെ വെട്ടിക്കൊന്ന കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 12 പേരെ കോടതി ശിക്ഷിച്ചിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്.