Skip to main content
തിരുവനന്തപുരം

oommen chandyസംസ്ഥാന സെക്രട്ടറിയേറ്റുകളില്‍ പ്രധാനമന്ത്രി കാര്യാലയത്തിന്റെ ഓഫീസ് തുടങ്ങുമെന്ന റിപ്പോര്‍ട്ടുകളെ സ്വാഗതം ചെയ്ത് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പുതിയ ആശയമായാണ് ഇതിനെ താന്‍ കാണുന്നതെന്നും പുതിയ ആശയങ്ങളെ സ്വാഗതം ചെയ്യുന്ന വ്യക്തിയാണ് താനെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 

ബുധനാഴ്ച മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പുതിയ ആശയങ്ങളെ അന്ധമായി എതിര്‍ക്കുന്ന സമീപനം തനിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയായിരിക്കും എന്ന കാര്യങ്ങള്‍ അറിഞ്ഞ ശേഷം അഭിപ്രായം പറയുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.

 

സംസ്ഥാന തലസ്ഥാനങ്ങളില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തുടങ്ങാനുള്ള നീക്കങ്ങളെ ശക്തമായ എതിര്‍ക്കുമെന്ന് എല്‍.ഡി.എഫ് നേതാക്കള്‍ നേരത്തെ പ്രതികരിച്ചിരുന്നു.  

 

ജൂണ്‍ രണ്ടിന് പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. സംസ്ഥാനത്തിന്റെ പൊതുവായ വികസന കാര്യങ്ങള്‍ ആയിരിക്കും സംസാരിക്കുകയെന്നും പ്രത്യേക വിഷയങ്ങളില്‍ പിന്നീട് ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.