കെ.എസ്.ആര്.ടി.സിയില്‍ പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ജീവനക്കാരുടെ താത്പര്യങ്ങൾ പരിഗണിച്ചുകൊണ്ട് പുനരുദ്ധാരണ പാക്കേജ് നടപ്പിലാക്കാൻ അംഗീകൃത ട്രേഡ് യൂണിയൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. കെ.എസ്.ആര്.ടി.സി പ്രതിസന്ധി പരിഹരിക്കുന്നതിന് ഉന്നതതല സമിതി രൂപവത്കരിക്കുന്നതിനും തീരുമാനമായി.
കെ.എസ്.ആര്.ടി.സിയുടെ വരുമാനം വര്‍ധിപ്പിക്കാനായി നഷ്ടത്തിലോടുന്ന റൂട്ടുകള്‍ പുന:ക്രമീകരിക്കുക, പാര്‍സല്‍ സര്‍വീസ്, കൊറിയര്‍ സര്‍വീസ് എന്നിവ ആരംഭിക്കുക, ജി.പി.ആര്.എസ് സംവിധാനത്തോടെയുള്ള ആധുനിക ഇലക്ട്രോണിക് ടിക്കറ്റിങ് മെഷീന് സംവിധാനമൊരുക്കുക, പരസ്യം വഴി കൂടുതല്‍ വരുമാനം കണ്ടെത്തുക. തുടങ്ങി നിരവധി ആശയങ്ങള്‍ യോഗത്തില്‍ അംഗീകരിച്ചിട്ടുണ്ട്. കോർപ്പറേഷന്റെ പെൻഷൻ ബാദ്ധ്യത കുറച്ചുകൊണ്ടു വരുന്നതിനായി എൽ.ഐ.സിയുമായി ചേർന്നുള്ള പുതിയ പെൻഷൻ പദ്ധതി നടപ്പാക്കാനുള്ള ചർച്ചകളും പുരോഗമിക്കുന്നതായി മന്ത്രി തിരുവഞ്ചൂർ അറിയിച്ചു.