Skip to main content
കല്‍പ്പറ്റ

വയനാട്ടില്‍ കാടിന് തീയിടുന്നതിനിടെ എടമന സ്വദേശിയായ ബാലകൃഷ്ണന്‍ അറസ്റ്റിലായി. നോര്‍ത്ത് ഡിവിഷന്‍ വരയാന്‍ ചുളളിവനത്തിലാണ് ഇയാള്‍ തീയിടാന്‍ ശ്രമിച്ചത്. കാട്ടുതീ പ്രതിരോധത്തിന്റെ ഭാഗമായി സ്ഥലത്തുണ്ടായിരുന്ന വനപാലകരാണ് ഇയാളെ പിടികൂടിയത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിച്ചതായി വനപാലകര്‍ അറിയിച്ചു.

 

ഇതിനിടയില്‍ വയനാട്ടില്‍ വീണ്ടും കാട്ടുതീ പടര്‍ന്നത് ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി. കാട്ടുതീയെ കുറിച്ച് അന്വേഷിക്കുന്ന ഉന്നതതല സംഘം പരിശോധന തുടരുന്നതിനിടെയാണ് കാട്ടുത്തീ ഉണ്ടായത്. കഴിഞ്ഞദിവസങ്ങളില്‍ തീപ്പിടിടുത്തമുണ്ടായ തിരുനെല്ലി വനത്തിലെ ചക്കിനിയിലാണ് വീണ്ടും കാട്ടുതീ പടര്‍ന്നത്. തീ കെടുത്താനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്.

 

കഴിഞ്ഞ ഞായറാഴ്ചയാണ് വയനാട്ടില്‍ 15 ഇടങ്ങളിലായി കാട്ടു തീ പടര്‍ന്നു പിടിച്ചത്. ഇതിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്നും മനുഷ്യനിര്‍മിത കാട്ടു തീയാണെന്നും കണ്ടെത്തിയിരുന്നു. പിടിയിലായ ആള്‍ക്ക് തിരുനെല്ലിയിലെ തീപിടിത്തവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് വനപാലകള്‍ അറിയിച്ചു.

 

20 കി.മീ ചുറ്റളവില്‍ 1200 ഏക്കറോളം വനമായിരുന്നു കഴിഞ്ഞ ദിവസം കാട്ടു തീയില്‍ കത്തി നശിച്ചത്. നിരവധി വന്‍ മരങ്ങളും തീയില്‍ നശിച്ചു. നിരവധി വന്യജീവികള്‍ അഗ്‌നിക്കിരയായി. സമീപത്തു താമസിക്കുന്ന ഏതാനും വീടുകള്‍ക്ക് ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു.