കെ.എസ്.ആര്‍.ടി.സി തൊഴിലാളി യൂണിയനുകള്‍ ആഹ്വാനംചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ ആരംഭിച്ചു. സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്ക് പൂര്‍ണമാണ്. ഭരണ-പ്രതിപക്ഷ ഭേദമന്യേ അംഗീകാരമുള്ളതും ഇല്ലാത്തതുമായ യൂണിയനുകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്.
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക, തൊഴിലാളി വിരുദ്ധ പുനരുദ്ധാരണ പാക്കേജ് പിന്‍വലിക്കുക, ദേശസാത്കൃത അന്തര്‍-സംസ്ഥാന റൂട്ടുകള്‍ സംരക്ഷിക്കുക, പി.എസ്.സി നിയമനോപദേശം നലകിയ ഉദ്യോഗാര്‍ഥികളെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സൂചനാ പണിമുടക്ക്.
സമരം ഒഴിവാക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ബുധനാഴ്ച സംഘടനാ നേതാക്കളുമായി ചര്‍ച്ച വിജയിച്ചില്ല. സാമ്പത്തിക പ്രതിസന്ധിയില്‍ മുങ്ങിത്താഴുന്ന സ്ഥാപനത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് ചവിട്ടിത്താഴ്ത്തുന്ന നടപടിയാണ് സമരമെന്ന് മന്ത്രി പറഞ്ഞു. കെ.എസ്.ആര്‍.ടി.സി. ഏറ്റവും വലിയ ഒരു സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നതെന്നും പ്രതിമാസ വരുമാനം കൊണ്ട് ശമ്പളത്തിനും പെന്‍ഷനും ആവശ്യമായ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരില്‍ നിന്നും ഇന്ന് അടിയന്തരമായി അനുവദിച്ച 50 കോടി രൂപ കൂടി ഉപയോഗിച്ച് ജനുവരി മാസത്തെ പെന്‍ഷന്‍ കുടിശ്ശികയായി 11 കോടി രൂപയും ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പളമായി 41 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. പെന്‍ഷന്‍ പ്രശ്നം പരിഹരിക്കുന്നതിനായി എല്‍.ഐ.സിയുമായി ഏകദേശ ധാരണയില്‍ എത്തുന്ന സാഹചര്യമായിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.