ധനമന്ത്രി കെ.എം മാണിയെ പരോക്ഷമായി വിമര്‍ശിച്ച് ഗതാഗത-വൈദ്യുതി വകുപ്പ് മന്ത്രി ആര്യാടന്‍ മുഹമ്മദ്. സംസ്ഥാനത്തെ ധനക്കമ്മി കുറയ്ക്കുന്നതില്‍ ധനവകുപ്പ് പരാജയപ്പെട്ടതായി മന്ത്രി പറഞ്ഞു. 2010- 2011 ല്‍ 3,000 കോടിയായിരുന്ന ധനക്കമ്മി 2011-2012ല്‍ 8000 കോടിയായി. ഇതില്‍ കേന്ദ്രത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ബജറ്റിനു പുറമെ കൂടുതല്‍ ചെലവുകള്‍ ഉണ്ടാകുന്നുണ്ട്. ബജറ്റിന് പുറത്തുള്ള പദ്ധതികള്‍ പരിഗണനയില്‍ വരാത്ത ഒരു മന്ത്രിസഭായോഗം പോലുമില്ല. ചെലവുകള്‍ നിയന്ത്രിക്കാന്‍ ധനവകുപ്പ് തയാറാകണമെന്നും ബജറ്റിനുള്ളില്‍ നിന്നു കൊണ്ടുള്ള ധനകാര്യ മാനേജ്മെന്റ് വേണമെന്നും ആര്യാടന്‍ പറഞ്ഞു. ആര്‍. ശങ്കറാണ് കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യ മാനേജ്മെന്റ് വിദഗ്ധന്‍ എന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു.
14-ാം ധനകാര്യ കമ്മീഷനും കേരളത്തിന്റെ ആവശ്യങ്ങളും എന്ന വിഷയത്തിൽ രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു ആര്യാടൻ.