Skip to main content
കോഴിക്കോട്

 

ടി.പി വധക്കേസിലെ പ്രതികള്‍ ജയിലിനകത്ത് ഫേസ്ബുക്കില്‍ സജീവം. ഇവരുടെ കാര്യത്തില്‍ ജയില്‍ ചട്ടങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് തെളിയിക്കുന്ന കൂടുതല്‍ രേഖകള്‍ പുറത്തു വന്നു. ജയിലില്‍ വെച്ച് എടുത്ത ചിത്രങ്ങളുമായി പ്രതികള്‍ എല്ലാ സമയവും ഫേസ്ബുക്കിലുണ്ട്. വിചാരണസമയത്ത് എടുത്ത ചിത്രങ്ങളാണ് ഫേസ്ബുക്കിലുള്ളത്. പ്രതികള്‍ പരസ്പരം ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്. ജയിലിനകത്ത് ഇവര്‍ ഫോണില്‍ സംസാരിക്കുന്നത് ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലുണ്ട്.

 

മുഖ്യ പ്രതികളായ കൊടി സുനിയും കിര്‍മാണി മനോജും അടക്കമുള്ളവരുടെ ഫേസ് ബുക്ക് അക്കൗണ്ടുകളില്‍ ഏറ്റവും ഒടുവില്‍ നടന്ന സി.പി.ഐ.എം പ്ലീനത്തിന്‍റെ പോസ്റ്റുകള്‍ വരെയുണ്ട്. അന്വേഷണത്തിന് ജയില്‍ ഡി.ജി.പി നിര്‍ദ്ദേശം നല്‍കി. ഇതിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തിങ്കളാഴ്ച കോഴിക്കോട് ജയില്‍ സന്ദര്‍ശിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പ്രതികള്‍ക്ക് ഏതെങ്കിലും ജയില്‍ അധികൃതര്‍ സൗകര്യമൊരുക്കിയെന്ന് അറിഞ്ഞാല്‍ ഉടന്‍തന്നെ കര്‍ശന നടപടിയെടുക്കുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി.

 

അതേസമയം സംഭവിച്ചത് ഗുരുതര വീഴ്ചയാണെന്ന വിമര്‍ശനവുമായി കെ. സുധാകരന്‍ എം.പി രംഗത്തെത്തി. വീഴ്ച ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ താഴെയിറക്കാനാണെന്ന് ആഭ്യന്തരമന്ത്രിക്ക് തോന്നുന്നത് കുറ്റബോധം കൊണ്ടാണെന്ന് കെ സുധാകരന്‍ പറഞ്ഞു. ടി.പി വധക്കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്ന് തോന്നുന്നതായി കെ മുരളീധരന്‍ എം.എല്‍.എ പ്രതികരിച്ചു. ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയല്ല നടപടിയാണ് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു.