സോളാര്‍ കേസിലെ പ്രതി സരിത എസ് നായരുടെ മൊഴി രേഖപ്പെടുന്നതില്‍ വീഴ്ച സംഭവിച്ച ഹൈക്കോടതി അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റില്‍ നിന്ന് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. മജിസ്ട്രേറ്റ് എന്‍.വി രാജുവില്‍ നിന്നാണ് വിശദീകരണം തേടിയത്. മൊഴി രേഖപ്പെടുത്തുന്നതില്‍ മജിസ്ട്രേട്ടിന് ഗുരുതരമായ പിഴവാണ് സംഭവിച്ചതെന്ന് ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കുറ്റപ്പെടുത്തി. പതിനഞ്ച് ദിവസത്തിനകം ഇക്കാര്യത്തില്‍ രേഖാമൂലം വിശദീകരണം നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.
ലൈംഗിക പീഡനം നടന്നെന്നു സരിത തന്നോടു പറഞ്ഞിരുന്നെന്ന് അന്വേഷണകമ്മിഷന് മുമ്പാകെ മജിസ്ട്രേറ്റ് നല്കിയ മൊഴിയില്‍ പറയുന്നു. എന്നാല്‍ സരിത പറഞ്ഞ കാര്യങ്ങള്‍ വിശ്വസനീയമായി തോന്നാതിരുന്നതിനാലാണ് രേഖപ്പെടുത്താഞ്ഞതെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. എന്നാല്‍ സരിതയെ ലൈംഗികമായി ആരും ചൂഷണം ചെയ്തിട്ടില്ലെന്ന് അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണന്. സരിത ഇത്തരത്തിലുള്ള ഒരു മൊഴിയും നല്‍കിയിട്ടില്ലെന്നും മജിസ്ട്രേട്ട് എന്‍. വി. രാജു കള്ളം പറയുകയാണെന്നും ഫെനി ആരോപിച്ചു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വിശദീകരണം നല്കാന് എന്‍.വി രാജുവിനോട് ആവശ്യപ്പെട്ടു. രഹസ്യമൊഴി രേഖപ്പെടുത്താതിരുന്നതിനും സരിതയെ കാണുന്നതില്‍ നിന്ന് അഭിഭാഷകനെ വിലക്കിയതിനും മറ്റു വീഴ്ചകള്‍ക്കും മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ബിജെപി നേതാവ് കെ സുരേന്ദ്രന്, ഇന്ത്യന്‍ ലോയേഴ്സ് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ ജയശങ്കര്‍ എന്നിവര്‍ നല്കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷണം തുടങ്ങിയത്.
ഇതിനിടെ സോളാര്‍ തട്ടിപ്പ് കേസില്‍ റിട്ടയേര്‍ഡ് ജഡ്ജിയുടെ അന്വേഷണത്തോട് പ്രതിപക്ഷം സഹകരിക്കില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് പറഞ്ഞു. സരിതയുടെ മൊഴി സംബന്ധിച്ച് ഹൈക്കോടതി രജിസ്ട്രാര്‍ നല്കിയ റിപ്പോര്‍ട്ട് കേസിലെ വഴിത്തിരിവാണെന്നും അദ്ദേഹം വ്യക്തമാക്കി.