Skip to main content
തിരുവനന്തപുരം

pinarayi vijayanസത്യം വിജയിക്കുമെന്ന വിശ്വാസമാണ് ലാവ്‌ലിൻ കേസില്‍ തന്നെ മുന്നോട്ടു നയിച്ചതെന്ന് സിപിഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേസിലെ വിടുതല്‍ ഹര്‍ജി അനുവദിച്ച് പ്രതിപ്പട്ടികയില്‍ നിന്ന്‍ നീക്കിയ കോടതി വിധിയോട് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു പിണറായി. വേട്ടയാടലിന്റെ ഒരു ഘട്ടമാണ് കഴിഞ്ഞതെന്നും തനിക്ക് ആരോടും വ്യക്തി വിരോധമില്ലെന്നും എന്നാല്‍, രാഷ്ട്രീയ പകപോക്കലിനായി നിയമ സംവിധാനങ്ങളെ ഉപയോഗിക്കുന്ന രീതി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും പിണറായി പറഞ്ഞു.

 

 

ആദ്യം മുതലേ തന്നെ തകര്‍ക്കുന്ന വിധത്തില്‍ വളഞ്ഞുവെച്ചുള്ള ആക്രമണമാണ് നടന്നുവന്നത്. മഞ്ഞ പത്രങ്ങള്‍ മുതല്‍ മഹാനേതാക്കള്‍ വരെ, മുന്‍ കമ്യൂണിസ്റ്റുകള്‍ മുതല്‍ ആന്‍റി കമ്യൂണിസ്റ്റുകള്‍ വരെ, അച്ചടി മാധ്യമങ്ങളും ഇലക്ട്രോണിക് മാധ്യമങ്ങളും ഒരു പോലെ, തീവ്ര ഇടതുപക്ഷവും വലതുപക്ഷവും ഒന്നു ചേര്‍ന്ന് തന്നെ ആക്രമിച്ചുവെന്നും പിണറായി പറഞ്ഞു.

 

പാര്‍ട്ടി തന്നോട് ഒപ്പമുണ്ടായിരുന്നെന്നും പാര്‍ട്ടിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമാണ് തനിക്കെതിരെ ഉയര്‍ന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.  അരുതാത്തതൊന്നും ചെയ്തിട്ടില്ലെന്ന മനസ്സിന്റെ അചഞ്ചലമായ വിശ്വാസം, തന്നെയും പാര്‍ട്ടിയേയും വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ജനലക്ഷങ്ങളുടെ പിന്തുണ, കമ്യൂണിസ്റ്റ് എന്ന നിലയില്‍ മുന്നോട്ടുള്ള പാത ഒരിക്കലും പൂക്കള്‍ വിരിച്ചതല്ല എന്ന തിരിച്ചറിവ്, പാര്‍ട്ടി നല്‍കിയ പിന്തുണ, സത്യം വിജയിക്കുമെന്ന വിശ്വാസം എന്നിവയാണ് കേസില്‍ തന്നെ പിടിച്ചുനിര്‍ത്തിയതെന്ന് പിണറായി വിശദീകരിച്ചു.

 

കമ്മ്യുണിസ്റ്റ് വിരുദ്ധരുടെ കൈയ്യടി ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ലെന്നും അക്കൂട്ടരുടെ സ്വീകാര്യത അഭികാമ്യമാണെന്ന് കരുതിയിട്ടില്ലെന്നും പിണറായി പറഞ്ഞു. നിര്‍ണായക ഘട്ടത്തില്‍ പിന്തുണ ജസ്റ്റിസ്‌ വി.ആര്‍ കൃഷ്ണയ്യര്‍, എം.കെ സാനു തുടങ്ങിയവരോട് പിണറായി നന്ദി പറഞ്ഞു. പിന്തുണ നല്‍കി സുകുമാര്‍ അഴീക്കോടും അഡ്വ. ജനാര്‍ദ്ധന കുറുപ്പും പറഞ്ഞ വാക്കുകള്‍ പിണറായി ഉദ്ധരിച്ചു. ഇതിനൊപ്പം പിണറായി കുറ്റക്കാരനാണെന്ന് വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ കെ.പി.സി.സി പ്രസിഡന്റ് രമേശ്‌ ചെന്നിത്തലയേയും ജനശ്രദ്ധ തിരിച്ചു വിടാനുള്ള വഴിയാണ് ലാവ്‌ലിന്‍ എന്നു പറഞ്ഞ കെ. മുരളീധരനെയും ഈ ഘട്ടത്തില്‍ ഓര്‍ക്കുന്നതായി പിണറായി കൂട്ടിച്ചേര്‍ത്തു.