Skip to main content
തിരുവനന്തപുരം

pinarayi vijayanമുൻ വൈദ്യുതി മന്ത്രിയും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെ എസ്.എന്‍.സി ലാവ്‌ലിന്‍ അഴിമതി കേസില്‍ നിന്ന്‍ തിരുവനന്തപുരത്തെ സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ആർ.രഘു ഒഴിവാക്കി. സിബി.ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഏഴാം പ്രതിയായിരുന്നു പിണറായി. മറ്റ് മൂന്ന്‍ പ്രതികളെയും കേസില്‍ നിന്നൊഴിവാക്കിയിട്ടുണ്ട്. സി.ബി.ഐ സമർപ്പിച്ച കുറ്റപത്രം നിലനിൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു.

 

പിണറായി വിജയന്‍, മോഹനചന്ദ്രൻ,​ എ.ഫ്രാൻസിസ്,​ സിദ്ധാർത്ഥമേനോൻ എന്നിവര്‍ സമര്‍പ്പിച്ച വിടുതൽ ഹർജികള്‍ അനുവദിച്ചുകൊണ്ടാണ്‌ കോടതി നടപടി.  കേസില്‍ പ്രതിയായ കെ.എ​സ്.ഇ.ബി മുൻ ചെ​യർ​മാൻ ശി​വ​ദാസൻ വി​ടു​തൽ ഹർ​ജി സ​മർ​പ്പിച്ചിട്ടില്ല​.

 

പന്നിയാര്‍, ചെങ്കുളം, പളളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവ്‌ലിൻ കമ്പനിയുമായി കരാറിലേർപ്പെട്ടതിലൂടെ ഖജനാവിന് 376 കോടി രൂപ നഷ്ടമുണ്ടായി എന്ന സി.എ.ജി റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ലാവ്‌ലിൻ കേസിനാധാരം. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ 86.25 കോടിയുടെ നഷ്ടമാണ് സി.ബി.ഐ കണ്ടെത്തിയത്. 

 

കേസിൽ ആദ്യം ഒന്‍പതാം പ്രതിയായിരുന്നു പിണറായി വിജയന്‍. ലാവ്‌ലിന്‍ കന്പനി വൈസ് പ്രസിഡന്റ് ക്ലോസ് ടെന്‍ഡ്രലിനെ ഒഴിവാക്കുകയും പ്രതികളിലൊരാള്‍ മരിക്കുകയും ചെയ്തതോടെ പിണറായി കേസില്‍ ഏഴാം പ്രതിയായി. തനിക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്നും മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നവീകരണ കരാര്‍ തുടരുകയാണ് താന്‍ ചെയ്തതെന്നും ചൂണ്ടിക്കാട്ടിയാണ് പിണറായി വിടുതല്‍ ഹർജി നൽകിയത്.