Skip to main content
കൊച്ചി

saritha s nairസോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ കൂടി സരിത എസ്. നായര്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജാമ്യഹര്‍ജി പരിഗണിക്കവെ സരിത നായര്‍ അധികാരത്തിന്റെ ഇടനാഴികളില്‍ വന്‍ സ്വാധീനമുള്ള സ്ത്രീയാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. കോടതിയുടെ ഈ നിരീക്ഷണം ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ വിധിയില്‍ നിന്നും നീക്കം ചെയ്യണമെന്നും സരിതയുടെ അഭിഭാഷകന്‍ അവശ്യപ്പെട്ടിട്ടുണ്ട്. മറ്റ് 33 കേസുകളില്‍ കൂടി പ്രതിയായതിനാല്‍ സരിതയ്ക്ക് ജയിലില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയില്ല.

 

എറണാകുളം നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലാണ് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി സരിത അഞ്ചു ലക്ഷം രൂപ വീതം വിചാരണക്കോടതിയില്‍ കെട്ടിവയ്ക്കണം. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയാല്‍ ഈ തുക പരാതിക്കാര്‍ക്ക് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. രണ്ട് ജാമ്യക്കാരില്‍ ഒരാള്‍ സരിതയുടെ അടുത്ത ബന്ധുവായിരിക്കണമെന്നും നിബന്ധനയുണ്ട്.

 

സോളാര്‍ പാനല്‍ സ്ഥാപിച്ചു നല്‍കാമെന്ന് പ്രലോഭിപ്പിച്ച് സരിത രണ്ടു പേരില്‍ നിന്ന് 50 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് ജാമ്യം. സരിതയുടെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ജാമ്യത്തിലിറങ്ങിയാല്‍ സരിത സമാനമായ തട്ടിപ്പുകള്‍ നടത്തുമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. കേസില്‍ അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാമെന്നായിരുന്നു സരിതയുടെ അഭിഭാഷകന്റെ വാദം.