സോളാര്‍ തട്ടിപ്പ് കേസിലെ മൂന്നാംപ്രതി പി.ആര്‍.ഡി മുന്‍ഡയറക്ടര്‍ ഫിറോസ് തിരുവനന്തപുരം മെഡിക്കല്‍കോളേജ് പോലീസിനു മുന്‍പില്‍ കീഴടങ്ങി. ഫിറോസിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു കീഴടങ്ങല്‍.
എത്രയും പെട്ടെന്ന് തന്നെ ഫിറോസ് പോലീസിന് മുന്നില്‍ കീഴടങ്ങണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഫിറോസിനു ജാമ്യം നല്‍കരുതെന്നും മറ്റു കേസുകളിലുള്ള ഇയാളുടെ പങ്കിനെ കുറിച്ച് അറിയാന്‍ ചോദ്യം ചെയ്യല്‍ ആവശ്യമാണെന്നുള്ള സര്‍ക്കാരിന്റെ ആവശ്യത്തെ തുടര്‍ന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്.
എ.ഡി.ബി വായ്പ ശരിയാക്കാമെന്നു തെറ്റിദ്ധരിപ്പിച്ചു തിരുവനന്തപുരം സ്വദേശിയില്‍ നിന്നും 40ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതാണ് ഫിറോസിനെതിരായ കേസ്. സോളാര്‍ കേസിലെ പ്രതികളായ സരിത എസ്.നായരും ബിജു രാധാകൃഷ്ണനും ഒപ്പം ചേര്‍ന്നാണ് ഫിറോസ് തട്ടിപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ ഫിറോസിനെ ഇതുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.
സരിതയും ബിജുവും അറസ്റ്റിലായപ്പോഴും ഫിറോസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നില്ല. പിന്നീട് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അത് തള്ളുകയായിരുന്നു.