Skip to main content
തിരുവനന്തപുരം

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പെഴ്സണല്‍ സ്റ്റാഫ് അംഗങ്ങളായിരുന്ന ജിക്കുമോനേയും സലീം രാജിനേയും സോളാര്‍ തട്ടിപ്പു കേസില്‍ അറസ്റ്റ് ചെയ്യാത്തത് പോലീസിന്റെ വീഴ്ചയാണെന്ന് കെ. മുരളീധരന്‍. കുറ്റം ചെയ്തവരില്‍ ഒരാള്‍ ജയിലിലും മറ്റു രണ്ടു പേര്‍ പുറത്തുമെന്ന രീതിയെ ജനം സംശയദൃഷ്ടിയോടെയാണ് കാണുന്നതെന്ന് മുരളീധരന്‍ പറഞ്ഞു.

 

കസ്റ്റഡിയില്‍ ഇരുന്നു കൊണ്ട് സരിത ഇടനിലക്കാരുമായി ബന്ധപ്പെടുകയും കേസില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെടുകയും ചെയ്തതായി വാര്‍ത്തകളുണ്ട്. അന്വേഷണം തടസപ്പെടുത്താന്‍ പൊലീസിലെ തന്നെ ഒരു വിഭാഗം ഇടപെടുന്നുണ്ടെന്ന് മുരളീധരന്‍ ആരോപിച്ചു. പ്രതിപക്ഷ നേതാവ് വി എസ്.അച്യുതാനന്ദന്‍ സംസാരിച്ചു കൊണ്ടിരിക്കെ അദ്ദേഹത്തിന് സമീപത്ത് ഗ്രനേഡ് വീണു പൊട്ടിയതിന് പിന്നില്‍ പൊലീസിലെ ചിലരുടെ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ഇതേക്കുറിച്ച് ഏതു തരത്തിലുള്ള അന്വേഷ​ണം വേണമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരുമാണ് തീരുമാനിക്കേണ്ടതെന്ന് മുരളീധരന്‍ പറഞ്ഞു.

 

നേതൃമാറ്റവും മന്ത്രിസഭാ പുന:സംഘടനയും സംബന്ധിച്ച് തന്റെ അറിവില്‍ ചര്‍ച്ചകളൊന്നും നടക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി പറഞ്ഞതിന് പിന്നാലെയാണ് മുരളീധരന്റെ പ്രസ്താവന വന്നത്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ആയിരുന്നു ആന്റണിയുടെ പരാമര്‍ശം. മുരളീധരന അനുകൂലിച്ച് കോണ്‍ഗ്രസിലെ ഐ ഗ്രൂപ്പ് നേതാക്കളും വിമര്‍ശിച്ച് എ ഗ്രൂപ്പ് നേതാക്കളും രംഗത്ത് വന്നിട്ടുണ്ട്.

അതിനിടെ, കോണ്‍ഗ്രസില്‍ തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കണമെന്ന്‌ സര്‍ക്കാര്‍ ചീഫ്‌വിപ്പ്‌ പി.സി. ജോര്‍ജ് പറഞ്ഞു. പ്രകടന പത്രികയില്‍ ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പാലിക്കാന്‍ യുഡിഎഫ്‌ സര്‍ക്കാരിന്‌ കഴിയാത്ത സാഹചര്യമാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.