Skip to main content
കൊച്ചി

തനിക്കെതിരായ ലൈംഗികാരോപണ കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജോസ് തെറ്റയില്‍ എം.എല്‍.എ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. കേസിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയാണെന്നും താന്‍ ആരെയും ബലാല്‍സംഗം ചെയ്തിട്ടില്ലെന്നും തെറ്റയില്‍ ഹര്‍ജിയില്‍ പറയുന്നു.

 

അങ്കമാലി സ്വദേശിയായ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയ എഫ്.ഐ.ആറില്‍ പോലീസ് തെറ്റയിലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തിയിട്ടുള്ളത്. എന്നാല്‍ തനിക്കെതിരെ ഒളിക്യാമറ വച്ച് ചിത്രങ്ങള്‍ പകര്‍ത്തിയതിനു യുവതിക്കെതിരെ കേസ് എടുത്തിട്ടില്ലെന്നും തെറ്റയില്‍ ഹര്‍ജിയില്‍ വിശദീകരിക്കുന്നു.

 

അഡ്വ.എം.കെ ദാമോദരനാണ് ജോസ് തെറ്റയിലിനു വേണ്ടി കോടതിയില്‍ ഹാജരാകുക. ഹര്‍ജി വെള്ളിയാഴ്ച്ച പരിഗണിക്കും. മകനെകൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് ഒരാളെ ബലാത്സംഗം ചെയ്യുന്നത് കേട്ടുകേള്‍വി പോലുമില്ലാത്ത കാര്യമാണെന്നും അതുകൊണ്ടുതന്നെ ബലാത്സംഗം നടന്നുവെന്ന യുവതിയുടെ വാദം തെറ്റാണെന്നും അഭിഭാഷകന്‍ മുഖേന തെറ്റയില്‍ നല്‍കിയ ഹര്‍ജിയില്‍ പരാമര്‍ശിച്ചു.