Skip to main content
തിരുവനന്തപുരം

ജോസ് തെറ്റയിലിനെതിരായി  ഉയര്‍ന്നു വന്നിട്ടുള്ള ലൈംഗികാപവാദ കേസ് എല്‍.ഡി.എഫ് ചര്‍ച്ച ചെയ്തിട്ടില്ലെന്ന് എല്‍ .ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എല്‍ .ഡി.എഫ് യോഗത്തിനു ശേഷം തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കി.  കേസില്‍ അന്വേഷണം നടക്കട്ടെയെന്നും വൈക്കം വിശ്വന്‍ പറഞ്ഞു.

 

യു.ഡി.എഫ് എം.എല്‍.എ ആണെങ്കിലും തങ്ങളുടെ നിലപാട് ഇത് തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേ സമയം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി രാജിവക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം കൂടുതല്‍ ശക്തമാക്കാന്‍ എല്‍.ഡി.എഫ് യോഗത്തില്‍ തീരുമാനമായി. ജൂലൈ ഒന്ന് മുതല്‍ നാലു വരെ വിവിധ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോവുമെന്നും യോഗത്തില്‍ അറിയിച്ചു. ഒന്ന് രണ്ട് തിയതികളില്‍ പ്രധാന നഗരങ്ങളില്‍ വാഹന പ്രചാരണ ജാഥ, മൂന്ന് നാല് തിയതികളില്‍ അസംബ്ലി മണ്ഡലങ്ങളില്‍ പ്രതിഷേധയോഗങ്ങള്‍ എന്നിവ നടത്താനാണ് യോഗത്തില്‍ തീരുമാനിച്ചിരിക്കുന്നത്.

 

ലൈംഗികാ‍രോപണ വിധേയനയായ ജോസ് തെറ്റയില്‍ രാജിവെക്കേണ്ടെന്ന നിലപാടുമായി ജനതാദള്‍ എസ് രംഗത്തെത്തി. ഇതിനു മുന്‍പും കേരളത്തില്‍ ഇതേ അവസ്ഥ ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ അവര്‍ മന്ത്രിസ്ഥാനം മാത്രമാണു  രാജിവെച്ചതെന്നും അതിനാല്‍ ധൃതി പിടിച്ച് രാജി വെക്കേണ്ടതില്ലെന്നും പാര്‍ട്ടി നേതൃത്വം പറഞ്ഞു. മുന്‍ മന്ത്രിയും മുതിര്‍ന്ന നേതാവുമായ നീല ലോഹിത ദാസന്‍ നാടാരും എം.എല്‍.എ മാരായ ജമീല പ്രകാശവും സി.കെ.നാണുവും ആണു ജോസ് തെറ്റയില്‍ രാജിവെക്കേണ്ടതില്ല എന്ന് പറഞ്ഞത്.

 

വിവാഹ വാഗ്ദ്നം നല്‍കി ജോസ് തെറ്റയിലിന്റെ മകനും പിന്നീട് തെറ്റയിലും തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നു കാണിച്ച് ആലുവ റൂറല്‍ എസ്.പിക്ക് യുവതി പരാതി  നല്‍കിയിരുന്നു. ചില വീഡിയോ ദൃശ്യങ്ങളും പരാതിയ്ക്കൊപ്പം യുവതി സമര്‍പ്പിച്ചിരുന്നു.