പാലക്കാട്: ഷൊര്‍ണൂര്‍ നഗരസഭ ചെയര്മാന് സ്ഥാനത്ത് നിന്ന് ജനകീയ വികസന സമിതി നേതാവ് എം.ആര്. മുരളി രാജിവെച്ചു. സി.പി.ഐ.എമ്മില്‍ നിന്നും മാറി ജെ.വി.എസ് രൂപീകരിച്ച മുരളി വീണ്ടും സി.പി.ഐ.എമ്മുമായി അടുക്കുന്നതിന്റെ ഭാഗമായാണ് രാജി.
ജനകീയ വികസന സമിതി അംഗമായ പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. പി.എം. ജയയും രാജി നല്കി. നഗരസഭ സെക്രട്ടറി കെ.എസ്. മുരളീധരന് നായര്‍ക്കാണ് ഇരുവരും രാജിക്കത്ത് നല്‍കിയത്.
ഇടതുപക്ഷ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മുന്‍നിര്‍ത്തിയാണ് തന്റെ രാജിയെന്ന് മുരളി പറഞ്ഞു. നേരത്തെ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ നഗരസഭ ഭരിച്ചിരുന്ന മുരളി ധാരണക്ക് വിരുദ്ധമായി ചെയര്മാന് സ്ഥാനം രാജിവെക്കാന്‍ വിസമ്മതിച്ചിരുന്നു. ഇതോടെ കോൺഗ്രസ് അംഗങ്ങൾ വൈസ്ചെയര്‍പേഴ്സണ്‍ അടക്കമുള്ള ഔദ്യോഗിക സ്ഥാനങ്ങൾ രാജിവെച്ചു.
മുരളി സി.പി.ഐ.എം പിന്തുണയോടെ വീണ്ടും ചെയര്മാന് ആകുമെന്നാണ് കരുതപ്പെടുന്നത്. വൈസ്ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കും.
