Skip to main content

vs sivakumar visits mch tvmകോഴിക്കോട്: ജൂണ്‍ മാസത്തില്‍ ഇതുവരെ വിവിധ ജില്ലകളില്‍ ഡെങ്കിപ്പനി, എലിപ്പനി, ജപ്പാന്‍ ജ്വരം എന്നിവ മൂലം 40 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പകര്‍ച്ചപ്പനി നിയന്ത്രിക്കാന്‍ സംസ്ഥാനത്തെ അഞ്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ശനിയാഴ്ചമുതല്‍ സായാഹ്ന ഒ.പി. തുടങ്ങി. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പനിബാധിതര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കുന്നതിനായി കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുവാന്‍ നടപടി സ്വീകരിച്ചതായി ആരോഗ്യ മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു.  

 

തെക്കന്‍ ജില്ലകളിലാണ് പനിമരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. തിരുവനന്തപുരം ജില്ലയില്‍ 11 പേരാണ് പനി ബാധിച്ചു മരിച്ചത്. കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ എട്ടു പേര്‍ വീതം മരിച്ചു. എറണാകുളത്ത് ആറുപേര്‍ മരിച്ചു. പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍ എന്നീ ജില്ലകളില്‍ രണ്ടുപേര്‍ വീതവും പാലക്കാട്ട് ഒരാളുമാണ് മരിച്ചത്.

 

ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെയാണ് മെഡിക്കല്‍കോളേജുകളില്‍ പ്രത്യേക ഒ.പി. പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തൃശ്ശൂര്‍, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എനിവിടങ്ങളിലായി ഇരുനൂറ്റമ്പതിലേറെ രോഗികള്‍ ആദ്യദിവസം ചികിത്സ തേടി. സായാഹ്ന ഒ.പികളില്‍ താത്കാലിക ഡോക്ടര്‍മാരെ നിയമിക്കാനും നടപടി തുടങ്ങി.

 

പകര്‍ച്ചപ്പനിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരോഗ്യ മന്ത്രിയുടെ ഓഫീസില്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന മോണിറ്ററിങ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. 0471-2518393, 232754 തുടങ്ങിയ നമ്പറുകളില്‍ പൊതുജനങ്ങള്‍ക്ക് ഇവിടവുമായി ബന്ധപ്പെടാം. 

 

മെഡിക്കല്‍ കോളജുകളില്‍ പനി ബാധിതര്‍ക്കായി പ്രത്യേക വാര്‍ഡുകള്‍ ഉടന്‍ ആരംഭിക്കും. ഇവിടേക്ക് ആവശ്യമായ ജീവനക്കാരെ കൂടുതലായി നിയമിക്കുമെന്ന് വേണ്ട ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.  മെഡിക്കല്‍ കോളജുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി അവയുടെ സമീപ താലൂക്കാശുപത്രികളിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

 

തിരുത്ത്: മരണസംഖ്യ 46 ആയി റിപ്പോര്‍ട്ടില്‍ നേരത്തെ തെറ്റായി പരാമര്‍ശിച്ചിരുന്നു.