Skip to main content

തിരുവനന്തപുരം: യുവമോര്‍ച്ച നേതാവായിരുന്ന കെ.ടി ജയകൃഷ്ണന്‍ വധക്കേസ് അന്വേഷണത്തില്‍ നിന്നും ക്രൈം ബ്രാഞ്ച് പിന്മാറുന്നു.  കേസ് സിബിഐക്ക് നല്‍കാനും ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തിട്ടുണ്ട്. തീര്‍പ്പാക്കിയ കേസ് പുനരന്വേഷിക്കുന്നതിലുള്ള നിയമപ്രശ്നം ചൂണ്ടിക്കാട്ടിയാണ്  ക്രൈം ബ്രാഞ്ച് കേസില്‍ നിന്ന്‍ പിന്മാറുന്നത്. 

 

ടി.പി ചന്ദ്രശേഖരന്‍ വധത്തില്‍ അറസ്റ്റിലായ ടി.കെ രജീഷ് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയകൃഷ്ണന്‍ വധം പുനരന്വേഷിപ്പിക്കണം എന്ന ആവശ്യമുയര്‍ന്നത്. ജയകൃഷ്ണന്റെ മാതാവ് കൌസല്യയും ബി.ജെ.പിയും തുടരന്വേഷണം ആവശ്യപ്പെട്ടു സര്‍ക്കാരിനു നിവേദനം സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.

 

കേരള പോലീസ് അന്വേഷിച്ചു സുപ്രീം കോടതി വരെയെത്തി തീര്‍പ്പാക്കിയ കേസ് പോലീസിലെ തന്നെ വിഭാഗമായ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടിയാണ് ക്രൈം ബ്രാഞ്ച് കേസില്‍ നിന്നും പിന്മാറുന്നത്. പോലീസിനു കൊടുത്ത മൊഴി കോടതിയില്‍ ടി.കെ രജീഷ് മാറ്റിപ്പറയുകയും ചെയ്തിരുന്നു. 

 

1999 ഡിസംബറിലാണ് ടി.കെ ജയകൃഷ്ണന്‍ വധിക്കപെട്ടത്. കേസില്‍ ഉള്‍പെട്ട എല്ലാ പ്രതികള്‍ക്കും വിചാരണക്കോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് അപ്പീലില്‍ സുപ്രീം കോടതി ചിലരെ വെറുതെ വിടുകയും ശിക്ഷ ജീവപര്യന്തമായി ചുരുക്കുകയും ചെയ്തിരുന്നു.