ഞായറാഴ്ച ബീഹാറിലെ ബുദ്ധഗയയില്‍ നടന്ന തുടര്സ്ഫോടനങ്ങളുടെ ഉത്തരവാദിത്വം തീവ്രവാദ സംഘടനയായ ഇന്ത്യന്‍ മുജാഹിദീന്‍ ഏറ്റെടുത്തു. അടുത്ത ലക്ഷ്യം മുംബൈ ആയിരിക്കുമെന്നും സംഘടനയുടേതെന്ന് കരുതുന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ പറയുന്നു.
സ്ഫോടനം നടന്ന് 12 മണിക്കൂര്‍ പിന്നിട്ടപ്പോഴാണ് ഒന്‍പത് സ്ഫോടനങ്ങള്‍ നടത്തിയത് തങ്ങളാണെന്ന് ഇന്ത്യന്‍ മുജാഹിദീന്‍ അവകാശപ്പെട്ടത്. ബീഹാര്‍ സ്ഫോടനങ്ങള്‍ക്ക് തലേദിവസമായ ജൂലൈ ആറിനാണ് അടുത്ത ലക്ഷ്യം മുംബൈ ആണെന്ന് പറയുന്നത്. ഏഴു ദിവസം അവശേഷിക്കുന്നുവെന്നും തടയാമെങ്കില്‍ തടയാനും ട്വിറ്റര്‍ അക്കൌണ്ടില്‍ സൂചിപ്പിക്കുന്നു.
ട്വിറ്റര്‍ അക്കൌണ്ടിന്റെ ആധികാരികത പരിശോധിക്കുകയാണെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാനഡയിലാണ് അക്കൌണ്ടിന്റെ ഉറവിടം.
അതിനിടെ, സ്ഫോടനക്കേസില്‍ പാട്ന പോലീസ് നാലുപേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. മഹാബോധി ക്ഷേത്രസമുച്ചയത്തിലെ നിരീക്ഷണ ക്യാമറകളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവരെ ചോദ്യം ചെയ്യുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേയും യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയും ബുധനാഴ്ച മഹാബോധി ക്ഷേത്രം സന്ദര്‍ശിക്കും.
