Skip to main content

മുംബൈ: ഹര്‍ത്താല്‍ തുടങ്ങിയ പ്രതിഷേധ സമരങ്ങളില്‍ അക്രമവും നാശനഷ്ടവും ഉണ്ടായാല്‍ അതിന്റെ ചിലവ് സമരക്കാര്‍ വഹിക്കണമെന്നാണ് കേരള ഹൈക്കോടതി വിധിച്ചത്. എന്നാല്‍ മുംബൈയില്‍ മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) പ്രവര്‍ത്തകര്‍ തീര്‍ത്തും വ്യത്യസ്തമായ ഒരു മാതൃക മുന്നോട്ടു വെക്കുകയാണ്. പ്രതിഷേധം രേഖപ്പെടുത്താന്‍ സ്വന്തം ചിലവില്‍ കാര്‍ വാങ്ങി കത്തിക്കുക!

 

എംഎന്‍എസ് നേതാവ് രാജ്താക്കറെയുടെ വാഹനത്തിനു നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് പ്രതിഷേധ പ്രകടനം നടത്തിയ പ്രവര്‍ത്തകര്‍ കുര്‍ളയില്‍ കത്തിച്ച മാരുതികാര്‍  ഇതിനായി എംഎന്‍എസ്  പണംകൊടുത്തു വാങ്ങിക്കൊണ്ടുവന്നതാണെന്നാണ് പൊലീസ് എഫ്ഐആറില്‍ പറയുന്നത്. കാര്‍ കത്തിച്ച നാല് എംഎന്‍എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തിരുന്നു. പാര്‍ട്ടി നേതാവ് രാജ് താക്കറെയെ പ്രീതിപ്പെടുത്താന്‍ 35,000 രൂപക്ക് വാങ്ങിയ പഴയ കാര്‍ കത്തിക്കുകയായിരുന്നെന്ന്‍ ഇവര്‍ മൊഴി നല്‍കി. അക്രമങ്ങള്‍ പാര്‍ടിപ്രവര്‍ത്തകരുടെ "സ്വാഭാവിക" പ്രതികരണമാണെന്ന് വിശദീകരിച്ച എംഎന്‍എസ് സംഭവത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ടി (എന്‍സിപി) നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത്‌ പവാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചതിനെ തുടര്‍ന്നാണ്‌ അഹമ്മദ് നഗര്‍ ജില്ലയില്‍ വച്ച് ചൊവ്വാഴ്ച രാജ് താക്കറെയുടെ വാഹനത്തിനെതിരെ കല്ലേറുണ്ടായത്. ഇത്  സംസ്ഥാന വ്യാപകമായി എംഎന്‍എസ് - എന്‍സിപി പ്രവര്ത്തകര്‍ തമ്മിലുള്ള എട്ടുമുട്ടലിലേക്കും പ്രതിഷേധങ്ങളിലേക്കും നയിക്കുകയായിരുന്നു.