Skip to main content

അസ്സമിലെ കൊക്രജാറില്‍ ആഴ്ചച്ചന്തയില്‍ തീവ്രവാദികള്‍ നടത്തിയ വെടിവെപ്പില്‍ 14 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. സുരക്ഷാ സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു അക്രമി കൊല്ലപ്പെട്ടിട്ടുണ്ട്.

 

കൊല്ലപ്പെട്ടയാളില്‍ നിന്ന്‍ എ.കെ-47 തോക്ക് കണ്ടെടുത്തു. തീവ്രവാദികള്‍ എറിഞ്ഞ ഗ്രനേഡ് പൊട്ടിത്തെറിച്ച് മൂന്ന്‍ കടകള്‍ നശിച്ചു.

 

ബോഡോലാന്‍ഡ് ദേശീയ ജനാധിപത്യ മുന്നണി (സോങ്ങ്ബിജിത്) പ്രവര്‍ത്തകര്‍ ആണ് ആക്രമണത്തിന് പിന്നിലെന്ന് അസ്സം ഡി.ജി.പി മുകേഷ് സഹായ് അറിയിച്ചു. ബോഡോ ജനതയ്ക്കായി പ്രത്യേക ബോഡോരാഷ്ട്രം എന്ന ആവശ്യം ഉയര്‍ത്തി പ്രവര്‍ത്തിക്കുന്ന നിരോധിത സംഘടനയാണിത്‌.

 

വരുന്ന സ്വാതന്ത്ര്യദിനാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ സുരക്ഷ ജാഗ്രത പുലര്‍ത്തുന്ന വേളയിലാണ് ഞെട്ടിപ്പിക്കുന്ന രീതിയിലുള്ള ആക്രമണം. സംസ്ഥാനത്ത് നടന്നിട്ടുള്ള വിഘടനവാദ പ്രസ്ഥാനങ്ങളുടെ ആക്രമണങ്ങളില്‍ തന്നെ ഇത്തരത്തില്‍ പട്ടാപ്പകല്‍ പൊതുസ്ഥലത്ത് വെടിവെപ്പ് നടത്തുന്നത് ആദ്യമായാണ്.