ദുരഭിമാന കൊലയെന്ന് സംശയിക്കുന്ന ഒരു സംഭവത്തില്‍ ന്യൂഡല്‍ഹിയില്‍ ജാതി മാറി വിവാഹം ചെയ്ത യുവതി കൊല്ലപ്പെട്ടു. സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത മാതാപിതാക്കളെ കോടതി ചൊവ്വാഴ്ച ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. വിവാഹത്തിന്റെ മൂന്നാം ദിവസം മകളെ ഞെക്കിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം ജന്മഗ്രാമമായ രാജസ്ഥാനിലെ ആള്‍വാറില്‍ കൊണ്ടുപോയി തീ കൊളുത്തി ദഹിപ്പിക്കുകകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
ഡല്‍ഹിയിലെ ശ്രീ വെങ്കിടേശ്വര കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ഭാവന യാദവ് (21) ആണ് കൊല്ലപ്പെട്ടത്. രാഷ്ട്രപതി ഭവനിലെ അസിസ്റ്റന്റ് പ്രോഗ്രാമറും കോളേജിലെ വിദ്യാര്‍ഥിയുമായ അഭിഷേക് സേത്തുമായി പ്രണയത്തിലായിരുന്നു ഭാവന. നവംബര്‍ 12-ന് ആര്യ സമാജ് ക്ഷേത്രത്തില്‍ ഇവര്‍ രഹസ്യമായി വിവാഹിതരായിരുന്നു.
തുടര്‍ന്ന്, എല്ലാം ക്ഷമിക്കാമെന്നും ശരിയായ രീതിയില്‍ വിവാഹം നടത്തിത്തരാമെന്നും പറഞ്ഞ് ഭാവനയെ ബന്ധുക്കള്‍ വീട്ടിലേക്ക് തിരികെ വിളിച്ച് കൊണ്ടുപോയി. എന്നാല്‍, ഭാവനയെ ബന്ധപ്പെടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് നവംബര്‍ 16-ന് അഭിഷേക് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ മകളെ കൊലപ്പെടുത്തിയതായി ഭാവനയുടെ മാതാപിതാക്കളായ ജഗ്മോഹന് യാദവും സാവിത്രി യാദവും സമ്മതിച്ചതായി പോലീസ് അറിയിച്ചു.
