പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക സംവേദന മേഖലകളില്‍ പുതിയ പദ്ധതികള്‍ നിരോധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ വിധി. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സന്നദ്ധ സംഘടന ഗോവ ഫൌണ്ടേഷന് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് ട്രൈബ്യൂണല്‍ അദ്ധ്യക്ഷന്‍ ജസ്റ്റിസ് സ്വതന്തര്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ച് വ്യാഴാഴ്ച വിധി പുറപ്പെടുവിച്ചത്. വിഷയത്തില്‍ എത്രയും പെട്ടെന്ന് അന്തിമ വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കേന്ദ്രത്തോട് നിര്‍ദ്ദേശിച്ച ട്രൈബ്യൂണല്‍ അതുവരെ ഉത്തരവ് നിലനില്‍ക്കുമെന്ന് വ്യക്തമാക്കി. കേരളം ഉന്നയിച്ച വിഷയങ്ങളിലും തീരുമാനമെടുക്കാന്‍ കേന്ദ്രത്തോട് ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നിലനില്‍പ്പിന് ഭീഷണി നേരിടുന്ന പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി കഴിഞ്ഞ മൂന്ന് വര്‍ഷമായി കൃത്യമായ നടപടികള്‍ സ്വീകരിക്കാതെ ഒഴിഞ്ഞുമാറുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ട്രൈബ്യൂണല്‍ വാദത്തിനിടെ പലതവണ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പശ്ചിമഘട്ട സംരക്ഷണ നടപടികള്‍ നിര്‍ദ്ദേശിക്കാന്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് പരിസ്ഥിതി ശാസ്ത്രജ്ഞന് ഡോ. മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായി രൂപീകരിച്ച സമിതി 2011 ആഗസ്ത് 31-നാണ് തങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പശ്ചിമഘട്ടത്തെ സമഗ്രമായി കണ്ട് നടപടികള്‍ നിര്‍ദ്ദേശിച്ച ഈ റിപ്പോര്‍ട്ടിനെതിരെ കേരളമുള്‍പ്പെടെ പശ്ചിമഘട്ട മേഖലയിലെ സംസ്ഥാനങ്ങളില്‍ കടുത്ത എതിര്‍പ്പുയരുകയായിരുന്നു. കുടിയേറ്റ ജനതയ്ക്കും വികസനത്തിനും വിഘാതമാണ് റിപ്പോര്‍ട്ട് എന്നായിരുന്നു പ്രക്ഷോഭകരുടെ പ്രധാന ആരോപണം.
പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് പഠിക്കാന്‍ കേന്ദ്രം ആസൂത്രണ സമിതി അംഗമായിരുന്ന ഡോ. കെ. കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു സമിതി രൂപീകരിക്കുകയായിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നും അതേസമയം ഗാഡ്ഗില്‍ റിപ്പോര്‍ട്ടും പരിഗണിക്കുമെന്നുള്ള എന്‍.ഡി.എ സര്‍ക്കാറിന്റെ നിലപാടാണ് ട്രിബ്യൂണലിന്റെ വിമര്‍ശനത്തിനിടയാക്കിയത്. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അനുകൂലിക്കുന്ന നിലപാടാണ് തെരഞ്ഞെടുപ്പ് പ്രചാരണ കാലയളവില്‍ ബി.ജെ.പി സ്വീകരിച്ചിരുന്നത്.
എന്നാല്‍, സംരക്ഷണ നടപടികള്‍ പശ്ചിമഘട്ട മലനിരകളുടെ 37 ശതമാനം പ്രദേശത്ത് മാത്രമായി പരിമിതപ്പെടുത്തിയ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെയും കേരളത്തില്‍ എതിര്‍പ്പ് ശക്തമാണ്. റിപ്പോര്‍ട്ട് പുറത്ത് വന്നതിനെ തുടര്ന് കേരളം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് അദ്ധ്യക്ഷന്‍ ഡോ. ഉമ്മന്‍ വി. ഉമ്മന്റെ നേതൃത്വത്തില്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി നിര്‍ദ്ദേശിക്കുന്ന പ്രദേശമേ സംസ്ഥാനത്തെ പശ്ചിമഘട്ട മലനിരകളിലെ പാരിസ്ഥിതിക സംവേദന മേഖലയായി പ്രഖ്യാപിക്കാവൂ എന്നാണ് കേരളത്തിന്റെ ആവശ്യം. ട്രൈബ്യൂണല്‍ വിധിയോടെ ഇതില്‍ ഇനി തീരുമാനമെടുക്കേണ്ട ഉത്തരവാദിത്വം കേന്ദ്രത്തിനായി.