ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് അപ്പുറത്ത് നിന്ന്‍ പാകിസ്ഥാന്‍ സൈനികര്‍ ശനിയാഴ്ച പ്രകോപനം കൂടാതെ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തതായി കരസേന. ഇന്ത്യന്‍ സൈനികര്‍ പ്രത്യാക്രമണം നടത്തിയതായും ഇന്ത്യയുടെ ഭാഗത്ത് ജീവനോ വസ്തുക്കള്‍ക്കോ നാശമുണ്ടായിട്ടില്ലെന്നും പ്രതിരോധ വക്താവ് ലെഫ്റ്റ. കേണല്‍ മനിഷ് മേത്ത അറിയിച്ചു.
പഞ്ചാബില്‍ ചിനാബ് നദിയില്‍ പട്രോളിംഗ് നടത്തവേ ഒഴുക്കില്‍ പെട്ട് പാകിസ്താന്‍ ഭാഗത്തെത്തിയ അതിര്‍ത്തി രക്ഷാ സേനയിലെ ജവാന്‍ സത്യശീല്‍ യാദവിനെ വെള്ളിയാഴ്ച ഇന്ത്യയിലേക്ക് തിരികെ അയച്ചതിന്റെ പിന്നാലെയാണ് കാശ്മീരില്‍ വെടിനിര്‍ത്തല്‍.
ഈ മാസം നിയന്ത്രണരേഖയില്‍ പാകിസ്ഥാന്‍ നടത്തുന്ന രണ്ടാമത് വെടിനിര്‍ത്തല്‍ ലംഘനമാണിതെന്ന്‍ കരസേന പറഞ്ഞു. ആഗസ്ത് അഞ്ചിന് പൂഞ്ച് ജില്ലയില്‍ തന്നെയായിരുന്നു ആക്രമണം. ജൂലൈയില്‍ എട്ടു തവണയും ജൂണില്‍ അഞ്ച് തവണയും ഏപ്രില്‍-മേയ് മാസങ്ങളില്‍ 19 തവണയും പാകിസ്ഥാന്റെ ഭാഗത്ത് നിന്ന്‍ വെടിനിര്‍ത്തല്‍ ലംഘനങ്ങള്‍ ഉണ്ടായതായി കരസേന അറിയിച്ചു.
