Skip to main content
ജനീവ

wto logoആഗോള വ്യാപാര സംഘടന (ഡബ്ലിയു.ടി.ഒ) ലോകരാജ്യങ്ങളിലെ കസ്റ്റംസ് ചട്ടങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ട് നിര്‍ദ്ദേശിച്ച വ്യാപാര സുഗമ കരാറില്‍ (ടി.എഫ്.എ) സമവായത്തിലെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ ഡിസംബറില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ ചേര്‍ന്ന ഡബ്ലിയു.ടി.ഒ മന്ത്രിതല സമ്മേളനത്തില്‍ ജൂലൈ 31-നകം കരാര്‍ ഒപ്പിടാനായിരുനു 160 അംഗരാഷ്ട്ര സമിതിയുടെ തീരുമാനം. ഭക്ഷ്യസുരക്ഷ സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിനുള്ള സ്ഥിരം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താതെ കരാറില്‍ ഒപ്പിടില്ലെന്ന ഇന്ത്യയുടെ കര്‍ശനമായ നിലപാടാണ് കരാറിനെ തടഞ്ഞത്.

 

ജനീവയിലെ ഡബ്ലിയു.ടി.ഒ ആസ്ഥാനത്ത് ഒരാഴ്ചയായി ഈ വിഷയത്തില്‍ ചര്‍ച്ചകള്‍ തുടരുകയായിരുന്നു. പ്രതിസന്ധി പരിഹരിക്കുന്നതിനായി ഡബ്ലിയു.ടി.ഒ മേധാവി റോബര്‍ട്ടോ അസെവാഡോ കഴിഞ്ഞ ദിവസം വൈകുന്നേരം ഇന്ത്യ, ചൈന, ബ്രസീല്‍, യു.എസ്, ഇ.യു, ആസ്ത്രേലിയ, കാനഡ എന്നിവടങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ഒരു അനൌദ്യോഗിക യോഗം വിളിച്ചെങ്കിലും ഫലം കണ്ടില്ല.

 

ടി.എഫ്.എയില്‍ കാര്‍ഷിക ഉല്‍പ്പാദന മൂല്യത്തിന്റെ പത്ത് ശതമാനത്തില്‍ അധികമാകരുത്‌ കാര്‍ഷിക സബ്സിഡി എന്ന നിബന്ധനയാണ് ഇന്ത്യ എതിര്‍ക്കുന്നത്. യു.പി.എ സര്‍ക്കാര്‍ പാസാക്കിയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണ് ഈ നിബന്ധന. ഈ നിബന്ധന ലംഘിക്കുന്നവര്‍ക്കെതിരെ 2017 വരെ നിയമ-ഉപരോധ നടപടികള്‍ സ്വീകരിക്കില്ലെന്നും അതിനകം പ്രശ്നപരിഹാരത്തിന് സ്ഥിരം സംവിധാനം ഉണ്ടാക്കാമെന്ന എന്ന ഒത്തുതീര്‍പ്പിനു ബാലി സമ്മേളനത്തില്‍ ഇന്ത്യ വഴങ്ങിയിരുന്നു. എന്നാല്‍, എന്‍.ഡി.എ സര്‍ക്കാര്‍ ഈ നിലപാട് മാറ്റി കരാറിന് സമാന്തരമായി തന്നെ പരിഹാര സംവിധാനം ഈ വര്‍ഷം ഡിസംബറിനകം ഏര്‍പ്പെടുത്തണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.