നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ ആദ്യ ബജറ്റ് സമ്മേളനം ജൂലായ് ഏഴു മുതല്‍ ആഗസ്റ്റ് 14 വരെ നടക്കും. ജൂലായ് എട്ടിന് മന്ത്രി സദാനന്ദ ഗൗഡ റെയില്‍വേ ബജറ്റ് അവതരിപ്പിക്കും. ഒമ്പതിന് സാമ്പത്തിക സര്‍വേ പാര്‍ലമെന്‍റിന്‍റെ മേശപ്പുറത്ത് വയ്ക്കും. പത്തിനാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പൊതു ബജറ്റ് അവതരിപ്പിക്കുക.
ഈ സമ്മേളന സമയത്താവും ഡെപ്യൂട്ടി സ്പീക്കറെ തിരഞ്ഞെടുക്കുക. പ്രതിപക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് നല്‍കണോയെന്ന കാര്യത്തില്‍ സ്പീക്കര്‍ സുമിത്രാ മഹാജന്‍ തീരുമാനം കൈക്കൊള്ളും. 55 സീറ്റുകള്‍ വേണം പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കുന്നതിനെന്നും എന്നാല്‍ 44 അംഗങ്ങള്‍ മാത്രമുള്ള കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിന് അര്‍ഹതയില്ലെന്നുമാണ് ബി.ജെ.പിയുടെ നിലപാട്.
ബജറ്റ് ജനപ്രിയമാക്കുന്നതിന്‍റെ ഭാഗമായി ആദായ നികുതി പരിധി രണ്ടുലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തിയേക്കുമെന്ന സൂചനയുണ്ട്. വാഹന വായ്പ, ഭവന വായ്പ എന്നിവയും ഇന്‍ഷ്വറന്‍സ് പരിധിയും ഉയര്‍ത്തിയേക്കും.
ട്രയിന്‍ യാത്രാ- നിരക്ക് കൂലി അടുത്തിടെ വര്‍ദ്ധിപ്പിച്ചതിനാല്‍ റെയില്‍വേയുടെ നവീകരണത്തിനും യാത്രക്കാരുടെ സുരക്ഷയ്ക്കുമായിരിക്കും റെയില്‍ ബജറ്റ് മുന്‍ഗണന നല്‍കുക. പുതിയ പാതകളും ട്രെയിനുകളും പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്. റെയില്‍വേയെ ലോകോത്തര നിലവാരമുള്ളതാക്കി മാറ്റേണ്ടതുണ്ടെന്ന് മന്ത്രി ജെയ്റ്റിലി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.