സുശക്തമായ ഇന്ത്യയ്ക്ക് അയൽരാജ്യങ്ങളെ സഹായിക്കാനാവുമെന്നും ഇന്ത്യ വികസിച്ചാല്‍ അയല്‍ രാജ്യങ്ങളും വികസിക്കുമെന്നും ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ട് ദിവസത്തെ സന്ദര്‍ശനതിനായി ഭൂട്ടനിലെത്തിയ പ്രധാനമന്ത്രി ഭൂട്ടാന് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു. പ്രധാന മന്ത്രിയുടെ ഭൂട്ടാന് സന്ദര്‍ശനം വന്‍ വിജയകരമെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള കാലങ്ങളായുള്ള ബന്ധം നിലനില്‍ക്കുന്നത് ഇരു രാജ്യങ്ങളിലെയും സാസ്കാരിക പാരന്പര്യത്തിന്റെ അടിസ്ഥാനത്തിലാണ്. അത് നിലനില്ക്കാനായി എല്ലാ സഹകരണവും ഉണ്ടാകുമെന്നും സർക്കാരുകൾ മാറി എന്നതു കൊണ്ട് അതിന് കോട്ടം വരില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജഭരണത്തിൽ നിന്ന് ജനാധിപത്യത്തിലേക്ക് സുഗമമായി ഭൂട്ടാൻ മാറിയത് ആ രാജ്യത്തിന്റെ രാഷ്ട്രീയ സ്ഥിരതയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ഏഴു വർഷം കൊണ്ട് ജനാധിപത്യ വ്യവസ്ഥയിലേക്ക് മാറിയ ഭൂട്ടാന്റെ പ്രവർത്തനം പ്രശംസനീയമാണെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെ ഉപഗ്രഹ സാങ്കേതിവിദ്യ ഭൂട്ടാന് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ ഉപയോഗിക്കുന്ന കാര്യത്തെ കുറിച്ച് ശാസ്ത്രജ്ഞർ ചിന്തിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. സാര്‍ക്ക് രാഷ്ട്രങ്ങളുടെ നിലപാടുകളെ പിന്തുണയ്ക്കുമെന്നും നരേന്ദ്ര മോദി പറഞ്ഞു. ഭൂട്ടാന് രാജാവ് പ്രധാനമന്ത്രി എന്നിവരുമായി മോദി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുടെ സഹായത്തോടെ നിര്‍മ്മിച്ച സുപ്രീംകോടതി കെട്ടിടവും 600 മെഗാവാട്ടിന്റെ ജലവൈദ്യുത പദ്ധതിയും നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഭൂട്ടാനിലെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ വരവേല്പാണ് ലഭിച്ചത്.